drug

തിരുവനന്തപുരം: ബംഗളൂരൂ മയക്കുമരുന്ന് കേസിന്റെ അന്വേഷണം കൊച്ചിയിലേക്കും വ്യാപിപ്പിക്കാൻ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ തീരുമാനിച്ചതായി വിവരം. അറസ്റ്റിലായ അനൂപിന് മലയാള സിനിമയിലെ ചിലരുമായി ബന്ധമുണ്ടെന്ന സൂചനകൾ എൻ.സി.ബിക്ക് ലഭിച്ചിട്ടുണ്ട്. അനൂപിന് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് കരുതുന്ന ചലച്ചിത്ര പ്രവർത്തകരുടെ വിശദാംശങ്ങൾ എൻ.സി.ബിയുടെ ബംഗളൂരു യൂണിറ്റ് ശേഖരിച്ചു. ഈ വിവരങ്ങൾ എൻ.സി.ബിയുടെ കൊച്ചി യൂണിറ്റിന് കൈമാറിയിട്ടുണ്ട്. അവർ പ്രാഥമിക അന്വേഷണം തുടങ്ങിയെന്നാണ് വിവരം. സിനിമാമേഖലയിലെ മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് നിലവിൽ ബംഗളൂരു, മുംബയ്, ഗോവ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് എൻ.സി.ബി അന്വേഷണം നടത്തുന്നത്.

കൊച്ചിയിലെ നിശാപർട്ടികളിൽ മയക്കുമരുന്ന് എത്തിച്ചെന്ന സംശയത്തെ തുടർന്ന് ഇതേക്കുറിച്ചും എൻ.സി.ബി അന്വേഷിക്കുന്നുണ്ട്. ബംഗളൂരുവിലും കൊച്ചിയിലുമുള്ള കോടികളുടെ മയക്കുമരുന്ന് ഇടപാടിൽ അനൂപിന് ബന്ധമുണ്ടെന്നാണ് എൻ.സി.ബിയുടെ നിഗമനം. എന്നാൽ, അനൂപ് ഇടപാടിലെ ​ഒരു കണ്ണി മാത്രമാണെന്നും ഇയാൾക്ക് വേണ്ടി പണം മുടക്കുന്നത് മറ്റാരൊക്കെയോ ആണെന്നുമാണ് സൂചന. മുമ്പ് മലയാള സിനിമാരംഗത്ത് മയക്കുമരുന്ന് എത്തിച്ചതുമായി ബന്ധപ്പെട്ട കേസുകളുടെ വിശദാംശങ്ങളും എൻ.സി.ബി പരിശോധിച്ചു വരികയാണ്.

ആദ്യം മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന അനൂപും സുഹൃത്ത് റിജേഷും എളുപ്പത്തിൽ പണം ഉണ്ടാക്കുന്നതിനായി പിന്നീട് വിതരണക്കാരായി മാറുകയായിരുന്നു. വിദേശത്ത് നിന്ന് ഡൽഹിയിലെത്തിച്ച് 3.5 കിലോ കഞ്ചാവ് സംബന്ധിച്ച് എൻ.സി.ബി നടത്തിയ അന്വേഷണത്തിലാണ് അനൂപ് പിടിയിലായത്. ഗ്രാമിന് 5000 രൂപയായിരുന്നു വില.