തിരുവനന്തപുരം: സി പി എം ബ്രാഞ്ച് സെക്രട്ടറിയെ പ്രവർത്തകർ വാളുമായി വെട്ടാനോടിച്ചു. കുളത്തൂർ കോലത്തുകര ബ്രാഞ്ച് സെക്രട്ടറി അനിൽകുമാറിനെയാണ് വെട്ടാനോടിച്ചത്. അനിൽകുമാറിന് സംഘത്തിന്റെ മർദ്ദനവുമേറ്റു. ഇതുമായി ബന്ധപ്പെട്ട് കുഞ്ചാലുംമൂട് സ്വദേശി രാജേന്ദ്രനെയും (42-അഗ്നി) സുഹൃത്തും സി.പി.എം പ്രവർത്തകനുമായ കുളത്തൂർ മൺവിള സ്വദേശി അരുണിനെയും (27) തുമ്പ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റുചെയ്തു.
ഇന്നലെ വൈകിട്ട് ആറോടെ കുളത്തൂർ ഗുരുനഗറിന് സമീപത്തെ അനിൽകുമാറിന്റെ വീടിന് മുന്നിലായിരുന്നു സംഭവം. കരിദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമരത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കുതർക്കവും തുടർന്ന് സംഘർഷവുമുണ്ടായി. അതിനിടയിലാണ് രാജേന്ദ്രനും അരുണും അനിൽകുമാറിനെ ആക്രമിച്ചതും വെട്ടാനോടിച്ചതും.
പൂർവ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഓണത്തിന് ഇൻഫോസിസിന് സമീപം വച്ച് അനിൽകുമാറിന്റെ നേതൃത്വത്തിലുളള സംഘം രാജേന്ദ്രനെ മർദ്ദിച്ചിരുന്നു. അന്ന് തുമ്പ പൊലീസ് അനിൽകുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു. അതിനിടെ പരാതി പിൻവലിച്ച് പ്രശ്നം ഒത്തുതീർപ്പാക്കണമെന്ന പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം രാജേന്ദ്രൻ നിരസിച്ചിരുന്നു. ഇതേത്തുടർന്ന് രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.