തിരുവനന്തപുരം: ബംഗളൂരുവിൽ മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ പ്രതിയും കൊച്ചി സ്വദേശിയുമായ അനൂപ് മുഹമ്മദിന് വേണ്ടി ബിനീഷ് കോടിയേരി പണം മുടക്കിയതു സംബന്ധിച്ച് കൂടുതൽ തെളിവുകൾ പുറത്ത്. കൊച്ചിയിലെ വസ്ത്രവ്യാപാരം പരാജയപ്പെട്ട സമയത്ത് അടുത്ത സുഹൃത്തെന്ന നിലയിൽ ബിനീഷ് കോടിയേരി സഹായിച്ചിട്ടുണ്ടെന്നും അതിനുള്ള നന്ദിയായി ബിനീഷിന്റെ ചുരുക്കപ്പേരു വച്ച് ‘ബികെ–47’ എന്ന ബ്രാൻഡിൽ ഷർട്ടുകൾ ഇറക്കിയതായും അനൂപ് മൊഴി നൽകി.
വസ്ത്രവ്യാപാരവും ഹോട്ടൽ ബിസിനസും പരാജയപ്പെട്ടു തുടങ്ങിയപ്പോഴാണ് ലഹരിമരുന്ന് വിൽപനയിലേക്ക് കടന്നതെന്നും അനൂപ് മൊഴി നൽകി. അടുത്ത ബന്ധുക്കൾക്കും ബിനീഷ് അടക്കമുള്ള സുഹൃത്തുക്കൾക്കും ഇക്കാര്യം അറിയില്ലെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.
ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അനൂപിന്റെ മൊഴിയും ഫിറോസ് പുറത്തുവിട്ടു. ലോക്ക് ഡൗൺ കാലത്ത് ജൂൺ 21ന് കുമരകത്ത് നടന്ന നൈറ്റ് പാർട്ടിയിൽ ബിനീഷ് പങ്കെടുത്തതായും അനൂപ് ഫേസ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റുകളെല്ലാം ബിനീഷുമായി ബന്ധപ്പെട്ടതാണെന്നും ഫിറോസ് വ്യക്തമാക്കി.
അതേസമയം, ഫിറോസിന്റെ ആരോപണം ബിനീഷ് കോടിയേരി നിഷേധിച്ചു. അനൂപിനെ വർഷങ്ങളായി അറിയാമെന്നും ഇത്തരമൊരു കേസുമായി ബന്ധമുള്ള ആളാണെന്ന് അറിയില്ലായിരുന്നുവെന്നും ബിനീഷ് പറഞ്ഞു.