sivasankar

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണവിധേയനായതിനെ തുട‌ർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട എം.ശിവശങ്കറിനെതിരെ വകുപ്പുതല നടപടിക്ക് സർക്കാർ തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ശിവശങ്കറിന് കുറ്റാരോപണ മെമ്മോ നൽകി. നോട്ടീസിന് ശിവശങ്കർ മറുപടി നൽകിയതായാണ് സൂചന. ക്രിമിനൽ കേസിൽ അന്വേഷണം നടക്കുമ്പോൾ തന്നെ വകുപ്പുതല അന്വേഷണം നടത്തുന്നതിന് പ്രശ്നങ്ങളില്ലെന്ന് നേരത്തെ ഇതേക്കുറിച്ച് അന്വേഷിച്ച ചീഫ് സെക്രട്ടറി ഡോ.വിശ്വാസ മേത്തയും ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗും അടങ്ങിയ സമിതി സർക്കാരിനെ അറിയിച്ചിരുന്നു.


ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. ഐ.ടി സെക്രട്ടറി കൂടിയായിരുന്ന ശിവശങ്കറിന്റെ സ്വാധീനം ഉപയോഗിച്ചാണ് സ്വപ്‌ന സ്‌പേസ് പാർക്കിൽ ഓപ്പറേഷൻസ് മാനേജരുടെ ജോലി നേടിയതെന്ന് സമിതി കണ്ടെത്തിയിരുന്നു. സ്‌പേസ് പാർക്കിൽ മൂന്ന് തസ്തികളുടെ ഒഴിവുണ്ടായിട്ടും ഓപ്പറേഷൻസ് മാനേജരുടെ പോസ്റ്റ് മാത്രമാണ് കൺസൾട്ടൻസിയായ പ്രൈസ് വാട്ടർ കൂപ്പേഴ്സ് വഴി നികത്തിയത്. മറ്റ് തസ്തികൾ ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ നിന്ന് വർക്ക് അറേഞ്ച്മെന്റിൽ നികത്തുകയായിരുന്നു. മാത്രമല്ല, ശിവശങ്കറിന്റെ ഫോൺ കോൾ രേഖകൾ പരിശോധിക്കണമെന്നും സമിതി സർക്കാരിന് ശുപാർശ നൽകിയിരുന്നു.

ശിവശങ്കറിനെതിരായ കുറ്റങ്ങൾ
 സ്വപ്‌ന സുരേഷിനെ സ്‌പേസ് പാർക്കിൽ നിയമിക്കുന്നതിന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു

 സർക്കാരിന്റെ അറിവില്ലാതെ യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടു

 ഓൾ ഇന്ത്യ സർവീസ് റൂളിലെ 3 (2),​ 3 (2ബി),​ ഉപചട്ടങ്ങളായ 3,​5,​7,​8,​ 10 എന്നിവയുടെ ലംഘനമാണിത്

 സ്വപ്‌ന സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതോടെ ശിവശങ്കറിന്റെ ഇടപെടൽ പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകി