ragini

ബംഗളൂരു: മലയാളികൾ ഉൾപ്പെട്ട ബംഗളരൂവിലെ മയക്കുമരുന്നുകേസിന്റെ അന്വേഷണം പൊലീസ് കൂടുതൽ വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കന്നഡ സിനിമാതാരം രാഗിണി ദ്വിവേദിയോട് ചോദ്യം ചെയ്യലിനായി ഇന്ന് തങ്ങളുടെ മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചും ഇവരെ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. നടിയുടെ കൂട്ടുകാരനോടും അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ കന്നഡ ചലച്ചിത്ര മേഖലയ്ക്കും മയക്കുമരുന്ന് മാഫിയയ്ക്കും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണം ശക്തമായിരിക്കുകയാണ്. കന്നഡ ചലച്ചിത്രമേഖലയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയതായുളള വിവരങ്ങളാണ് ഇതിനകം പുറത്തുവന്നിരിക്കുന്നത്. ഇന്ദ്രജിത് ലങ്കേഷ് ഉൾപ്പടെയുളള സംവിധായകർ തങ്ങൾക്ക് ചില വിവരങ്ങൾ പങ്കുവയ്ക്കാനുണ്ടെന്ന് വ്യക്തമാക്കി സി സി ബിക്ക് മുന്നിൽ ഹാജരാവുകയും വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമുഖർ ഉൾപ്പടെ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നത്. ജെ ഡി എസ്- കോൺഗ്രസ് സഖ്യത്തിലുളള സർക്കാരിനെ താഴെയിടാൻ പ്രവർത്തിച്ചത് ഈ മയക്കുമരുന്ന് മാഫിയ ആണെന്ന് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയടക്കം വെളിപ്പെടുത്തൽ നടത്തിയിരുന്നു.

കോടിയേരി ബാലകൃഷ്ണന്റെ മകനും ചലച്ചിത്ര താരവുമായ ബിനീഷ് കോടിയേരിയുടെ പേരുകൂടി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്നതോടെ കേസ് കൂടുതൽ വിവാദത്തിലായിട്ടുണ്ട്.