തിരുവനന്തപുരം: പി എസ് സി വിഷയത്തിൽ ഉയരുന്ന വിമർശനങ്ങളിൽ വിശദീകരണവുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. അണികൾക്ക് കൊടുത്ത സന്ദേശം ദുർവ്യാഖ്യാനം ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ വിമർശിക്കുന്ന പലരും റാങ്ക് പട്ടികയിൽ ഉള്ളവരല്ലെന്നും സർക്കാരിനെതിരെ കമന്റുകൾ വരുന്നത് ചില കേന്ദ്രങ്ങളിൽ നിന്നാണെന്നും ജയരാജൻ വ്യക്തമാക്കി. പാർട്ടിക്കെതിരെ സമൂഹിക മാദ്ധ്യമങ്ങളിൽ അപവാദ പ്രചരണം നടക്കുന്നുണ്ട്. കോൺഗ്രസിനും ബി ജെ പിക്കും പെയ്ഡ് നവമാദ്ധ്യമ ഏജൻസികളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പി.എസ്.സി നിയമനം ലഭിക്കാത്തതിന്റെ പേരില്‍ തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടിക്കെതിരായ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളെ ചെറുക്കുന്നതിന് ആസൂത്രിതമായ നീക്കം വേണമെന്ന് ആവശ്യപ്പെടുന്നതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എം വി ജയരാജന്റെ ശബ്ദരേഖ.
ഇടേണ്ട കമന്റുകള്‍ പാര്‍ട്ടി തയ്യാറാക്കി നല്‍കുമെന്നും ഒരു ലോക്കല്‍ കമ്മിറ്റി 300 മുതല്‍ 400 വരെ കമന്റുകള്‍ ഇടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഒരാള്‍ ഒന്നില്‍ കൂടുതല്‍ കമന്റ് ചെയ്യേണ്ടതില്ല. പാര്‍ട്ടിക്കെതിരേയുള്ള പ്രചരണം തടയുന്നതോടൊപ്പം പാര്‍ട്ടി പേജുകളുടെ ലൈക്ക് വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നുമായിരുന്നു നിർദേശം.