വാഷിംഗ്ടൺ: ചൈനയിൽ അമേരിക്കൻ നയതന്ത്ര പ്രതിനിധികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ചൈനീസ് ഭരണകൂട തീരുമാനത്തിനെതിരെ അതേ നാണയത്തിൽ തിരിച്ചടി നൽകി അമേരിക്ക. അമേരിക്കൻ സർവകലാശാലകളിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കാൻ ചൈനീസ് ഉദ്യോഗസ്ഥർക്ക് ഇനി അമേരിക്കൻ ആഭ്യന്തര വകുപ്പിന്റെ അനുമതി വേണം. മാത്രമല്ല ചൈനീസ് എംബസിയും അതുമായി ബന്ധപ്പെട്ട സമൂഹമാദ്ധ്യമ അക്കൗണ്ടുകളും ശരിയാംവണ്ണം തിരിച്ചറിയാൻ കഴിയുന്നതാണോ എന്നും അമേരിക്കൻ ഭരണകൂടം പരിശോധിക്കും.
തങ്ങളോട് ചെയ്‌ത കാര്യങ്ങൾക്ക് പകരം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ചൈന അമേരിക്കയിൽ നടത്തുന്ന ചാരപ്രവർത്തികൾക്കുളള മറുപടിയാണ് ഈ നടപടിയെന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നത്. നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തനിക്ക് അനുകൂല സാഹചര്യം ഒരുക്കുവാനാണ് ട്രംപ് ഇതിലൂടെ ശ്രമിക്കുന്നത്.
ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടികൾ രാജ്യത്ത് നടത്താവുന്ന ശ്രമങ്ങളെ കുറിച്ച് അമേരിക്കൻ സർവകലാശാലകൾക്ക് ആഭ്യന്തര വകുപ്പ് സൂചന നൽകിയിട്ടുണ്ട്. ഗവേഷണങ്ങൾക്ക് അനധികൃതമായി ഫണ്ട് നൽകുക, ബൗദ്ധിക ആസ്‌തിയുടെ മോഷണം, വിദേശ വിദ്യാർത്ഥികളെ വിരട്ടുക ഇങ്ങനെ പല പ്രവർത്തികൾ ചൈനീസ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായേക്കാമെന്ന് അമേരിക്കൻ ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നൽകിയത്. എന്നാൽ അമേരിക്കയുടെ നടപടി നീതീകരിക്കാവുന്നതല്ലെന്നാണ് ചൈന പ്രതികരിച്ചത്.
ചൈനീസ് സർക്കാർ അമേരിക്കയിൽ വ്യാപകമായി നടത്തുന്ന കൺഫ്യൂഷ്യസ് ഇൻസ്‌റ്റിറ്റ്യൂട്ടുകളിൽ ചാരന്മാരെയും രാജ്യദ്രോഹികളെയും വാർത്തെടുക്കാനാണ് ശ്രമമെന്ന് മൈക്ക് പോംപെയോ ആരോപിച്ചു. ഇവിടെ ചൈനീസ് ഭാഷ പഠിപ്പിക്കുവാൻ ഇൻസ്‌റ്റിറ്റ്യൂട്ട് തന്നെ ജോലിക്കെടുത്ത ആളുകളാണുളളത്. അതിനാൽ തന്നെ ഈ വർഷം അവസാനം ഇവ അടച്ചുപൂട്ടുമെന്ന് പോംപെയോ അറിയിച്ചു.
സെപ്‌തംബർ 9ന് അസിയാൻ മന്ത്രിമാരുടെ ഉച്ചകോടിയിലും മറ്റ് ഇൻഡോ-പസഫിക് രാജ്യങ്ങളുമായും ചൈന ഉയർത്തുന്ന ഈ ഭീഷണിയെ കുറിച്ച് ചർച്ച ചെയ്യുമെന്നും മൈക്ക് പോംപെയോ പറഞ്ഞു.