snakes

തി​രുവനന്തപുരം: നഗരത്തിന്റെ ഒറ്റ മദ്ധ്യത്തിലാണ് അയാൾ താമസിക്കുന്നത്. രാവിലെ ഉറക്കമുണർന്ന് മുറ്റത്തേക്കിറങ്ങി. പെട്ടെന്ന് കാർഷെഡിന് സമീപത്ത് വാഴത്തടപോലെ എന്തോ കിടക്കുന്നു. അടുത്തുചെന്ന് നോക്കിയപ്പോൾ ഞെട്ടിപ്പോയി, ഒരു പടുകൂറ്റൻ പെരുമ്പാമ്പ്. ഇരയെ വിഴുങ്ങി അനങ്ങാൻ വയ്യാതെ കിടക്കുകയാണ് കക്ഷി. ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതിയെങ്കിൽ തെറ്റി. കോഴിക്കോട്, ആലപ്പുഴ, കൊല്ലം ജില്ലകളിൽ നഗരപ്രദേശങ്ങളിൽ പെരുമ്പാമ്പുകളുടെ സാന്നിദ്ധ്യം കൂടിവരികയാണ്. അഞ്ചുവർഷത്തിനിപ്പുറമാണ് നഗരപ്രദേശങ്ങളിൽ പെരുമ്പാമ്പുകളെ കൂടുതലായി കണ്ടുതുടങ്ങിയത്. വനം വകുപ്പിന്റെ സ്നേക്ക് റെസ്ക്യൂ ട്രെയിനിംഗ് വിഭാഗം നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുളളത്.

നേരത്തേ കാടിനോടടുത്ത ഗ്രാമപ്രദേശങ്ങളിൽ പെരുമ്പാമ്പുകളുടെ സാന്നിദ്ധ്യമുണ്ടാവാറുണ്ടായിരുന്നു. അപൂർവങ്ങളിൽ അപൂർവമായേ പെരുമ്പാമ്പുകളെ നഗരങ്ങളിൽ കണ്ടെത്തിയിരുന്നുളളൂ. വെളളപ്പൊക്ക സമയത്ത് മലവെളളത്തിലൂടെയാണ് ഇവ എത്തിയിരുന്നത്. അവയെ അപ്പോൾ തന്നെ പിടികൂടി കാട്ടിലേക്ക് വിടുകയും ചെയ്യുമായിരുന്നു. എന്നാലിപ്പോൾ കഥമാറി. ശരാശരി 25ന് മുകളിൽ പെരുമ്പാമ്പുകളെ ഈ നഗരങ്ങളിൽ കണ്ടെത്തിതെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് പ്രധാനകാരണം രണ്ട് വർഷങ്ങളിൽ തുടർച്ചയായുണ്ടായ മഹാ പ്രളയമായിരുന്നു എന്നാണ് കരുതുന്നത്. വയനാടൻ മലയിൽ നിന്നാണ് കോഴിക്കോട് പട്ടണത്തിൽ പെരുമ്പാമ്പുകൾ എത്തുന്നത്.

പത്ത് മൂർഖന് ഒരു അണലി

മൂർഖൻ പാമ്പുകളുടെ എണ്ണവും കൂടുകയാണ്. കുറച്ചുനാൾ മുമ്പുവരെ ഇവയുടെ എണ്ണം കുറവായിരുന്നു. ഇപ്പോൾ എല്ലായിടത്തും മൂർഖൻ പാമ്പുകളുടെ സാന്നിദ്ധ്യം ഉണ്ട്. പത്ത് മൂർഖന് ഒരു അണലി എന്നതാണ് പുതിയ കണക്കെന്നാണ് അധികൃതർ പറയുന്നത്.

എലികളുടെ എണ്ണം കൂടിയതാണ് മൂർഖൻ പാമ്പുകളുടെ എണ്ണം കൂടാൻ കാരണം. കാടുകളിൽ മുളപൂക്കുന്ന സമയത്ത് മുളയരി ഇഷ്ടംപോലെ ലഭിക്കും. ഇത് എലികളുടെ എണ്ണം കൂടുന്നതിന് ഇടയാക്കും. എലികളുടെ എണ്ണം കൂടുന്നത് മൂർഖൻ പാമ്പുകൾക്ക് ഗുണമാവുകയും അവയുടെ എണ്ണം കൂടുകയും ചെയ്യുന്നു. ഭക്ഷണം കണ്ടെത്തുന്നതിനായി പലപ്പോഴും രാജവെമ്പാലകൾ മനുഷ്യവാസമുളള പ്രദേശങ്ങളിൽ എത്താറുണ്ട്.

കുറച്ചുവർഷങ്ങൾക്കുമുമ്പ് കൊച്ചി നഗരത്തിന് പാമ്പുകൾ കടുത്ത തലവേദന സൃഷ്ടിച്ചിരുന്നു. അണലിമുതൽ പെരുമ്പാമ്പുകൾ വരെ വീടുകളുടെയും സ്ഥാപനങ്ങളുടെയും സമീപത്ത് കണ്ടെത്തിയിരുന്നു. നഗരത്തിന് പുറത്തെ വൻതോതിലുളള മണ്ണെടുപ്പും പൊന്തക്കാടുകൾ വെട്ടിത്തെളിക്കുന്നതുമാണ് ഇതിന് കാരണമെന്നാണ് അന്ന് വിഗദ്ധർ പറഞ്ഞിരുന്നത്.