kiccha-sudeep

അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയ്ക്ക് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കിച്ച സുദീപ്. കന്നട സിനിമയില്‍ വ്യാപകമായി മയക്കുമരുന്നും കഞ്ചാവും പോലുള്ള ലഹരി വസ്തുക്കളുടെ കൈമാറ്റം നടക്കുന്നുവെന്ന് സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി സുദീപ് രംഗത്തെത്തിയത്.

'ചിരഞ്ജീവി സർജ നമ്മളെ വിട്ടുപോയി ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. എനിക്ക് അദ്ദേഹം സഹോദരനെപോലെയാണ്. ചിരഞ്ജീവിയുടെ ഭാര്യ മേഘ്ന രാജും സഹോദരൻ ധ്രുവ് സർജയും ഇപ്പോഴും നമുക്കൊപ്പമുണ്ട്. അവർ ആ വലിയ ദുഃഖത്തിൽ നിന്നും ഇതുവരെ കരകയറിയിട്ടില്ല. അതുകൊണ്ടുതന്നെ അനാവശ്യമായ വിവാദങ്ങളിലേക്ക് ചിരഞ്ജീവിയുടെ പേര് വലിച്ചിഴച്ച് ആ കുടുംബത്തെ ഇനിയും വേദനിപ്പിക്കരുത്. എനിക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് ഞാൻ പ്രതികരിക്കില്ല. കന്നട സിനിമ വളരെ വലുതാണ്. കുറച്ചാളുകളുടെ മോശം പ്രവൃത്തിക്ക് മൊത്തം ഇൻഡസ്ട്രിയെ പഴി ചാരരുത്- കിച്ച സുദീപ് പറഞ്ഞു.

പതിനഞ്ചോളം നടൻമാരുടെ പേര് താൻ പൊലീസിന് നൽകിയിട്ടുണ്ടെന്നും വീഡിയോകളും ചിത്രങ്ങളുമടങ്ങിയ തെളിവുകൾ നൽകിയിട്ടുണ്ടെന്നും ഇന്ദ്രജിത്ത് ലങ്കേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചിരഞ്ജീവി സർജയ്ക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടായിരുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്.