തിരുവനന്തപുരം: വീട്ടിലെ വൈദ്യുതി മേൽക്കൂരയിൽ ഉത്പാദിപ്പിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയായ 'പുരപ്പുറ സോളാർ', പ്രഖ്യാപനം കഴിഞ്ഞ് ഒരുവർഷമായിട്ടും കേരളത്തിൽ വെളിച്ചം കാണുന്നില്ല. രണ്ട് വർഷം മുമ്പ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതിയും ഫയലുകളിലെ ഇരുട്ടിലാണ്. 43,000 ഗുണഭോക്താക്കളാണ് സ്വന്തം പുരപ്പുറത്തു നിന്ന് വൈദ്യുതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നത്. 2,62,000 പേരാണ് പദ്ധതിക്കായി രജിസ്റ്റർ ചെയ്തത്. ഇവരുടെ വീടുകൾ പരിശോധിച്ചാണ് 43,000 പേരെ തിരഞ്ഞെടുത്തത്. കെ.എസ്.ഇ.ബിക്കും വൈദ്യുതി കിട്ടുന്ന പദ്ധതിയാണ് കേന്ദ്രം സഹായിച്ചിട്ടും നടപ്പാക്കാൻ മടിക്കുന്നത്.
പദ്ധതിയിലൂടെ 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് മന്ത്രി എം.എം. മണി കഴിഞ്ഞ ഒക്ടോബർ 29ന് നിയമസഭയിൽ അറിയിച്ചിരുന്നു. ആദ്യഘട്ടം ജൂണിൽ ആരംഭിച്ച് നവംബറിൽ പൂർത്തിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവരെ കൂടി ഭാഗമാക്കുന്നതിനുള്ള പദ്ധതിയാണ് രൂപീകരിച്ചത്. എന്നാൽ, കൊവിഡ് കാരണം പദ്ധതി വൈകിയെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം.
ഉദാഹരണം ഇങ്ങനെ
മൂന്ന് കിലോ വാട്ട് ശേഷിയുള്ള മോഡൽ ഒന്ന് എയുടെ മുതൽമുടക്ക്- 1,62,000 രൂപ
ഇതിൽ ഉപഭോക്താവ് മുടക്കേണ്ട പരമാവധി തുക- 18,600 രൂപ (12%)
ഇതിൽ നിന്ന് ഒരു മാസം ഉത്പാദിപ്പിക്കാവുന്ന ശരാശരി വൈദ്യുതി- 360 യൂണിറ്റ്
ഇതിന്റെ 25 ശതമാനമായ 90 യൂണിറ്റ് വൈദ്യുതി ഉപഭോക്താവിന്
180 യൂണിറ്റിന് താഴെ ദ്വൈമാസ ഉപഭോഗമുള്ള ഉപഭോക്താക്കൾ പദ്ധതിയിൽ ഭാഗമായാൽ യൂണിറ്റ് ചാർജ് പൂജ്യമാകും
കൂടുതൽ ഉപയോഗിക്കുന്ന ഓരോ യൂണിറ്റിനും നൽകേണ്ടത് ഇപ്പോൾ കെ.എസ്.ഇ.ബി ഈടാക്കുന്ന തുക
ഉപഭോക്താവിന് വൈദ്യുതി വിൽക്കാം
പുരപ്പുറ സൗരോർജ പദ്ധതിയിലെ ഉപഭോക്താവിന് അധികമുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്ക് വിൽക്കാം. യൂണിറ്റൊന്നിന് മൂന്ന് രൂപയിൽ കുറയാതെ ലഭിക്കും. കേന്ദ്ര സബ്സിഡി വരുന്നതിന് മുമ്പുതന്നെ സംസ്ഥാന സർക്കാർ 2018ൽ പ്രഖ്യാപിച്ച പദ്ധതി ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇതിനായി മൂന്നു സ്വാകാര്യ കമ്പനികൾക്ക് ടെൻഡർ അനുവദിച്ചിരുന്നു.