ന്യൂഡൽഹി: സ്വകാര്യതയ്‌ക്കും രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും ഭീഷണിയാണെന്ന കാരണം ചൂണ്ടിക്കാട്ടി 118 ചൈനീസ് ആപ്പുകളെ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചിട്ട് മണിക്കൂറുകളേ ആയിട്ടുളളു. നിരോധിച്ചവയിൽ ഏറ്റവും ശ്രദ്ധേയമായത് ബാറ്റിൽ റോയാൽ വിഭാഗത്തിൽ പെട്ട പബ്‌ജിയാണ്. പ്ളെയർ അൺനോൺസ് ബാറ്റിൽഗ്രൗണ്ട്സ് എന്നതിന്റെ ചുരുക്കെഴുത്താണ് പബ്‌ജി. കൊറിയൻ കമ്പനിയാണ് പബ്‌ജിയുടെ ഉടമകളും അവതാരകരുമെങ്കിലും ഗെയിമിന്റെ മൊബൈൽ വേർഷൻ ആയ പബ്‌ജി മൊബൈൽ, പബ്‌ജി ലൈറ്റ് എന്നിവ ചൈനീസ് കമ്പനിയായ ടെൻസെന്റ് ആണ് ഉടമകൾ. അതിനാലാണ് ഇവ നിരോധിക്കപ്പെട്ടത്. ഇന്ത്യയിൽ ഇവക്ക് ഏതാണ്ട് 5 കോടി സജീവ ഉപയോക്താക്കളുണ്ട്. ഇവയുടെ കംപ്യൂട്ടറിലും ഗെയിം കൺസോളുകളിലും ഉളള വേർഷന് നിരോധനമില്ല.
പബ്‌ജി എന്തുകൊണ്ട് രാജ്യത്ത് ഇത്ര പ്രചാരം നേടി എന്ന് നോക്കിയാൽ എളുപ്പം കളിക്കാനും, മത്സരത്തിനിടെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനും കളിക്കാരിൽ അടിമുടി ആവേശം ഉളവാക്കുവാനും സാധിക്കുന്ന മറ്റൊരു ഗെയിമില്ല എന്നത് തന്നെ കാരണം. പബ്‌ജിക്ക് ഏറ്റവുമധികം വരുമാനം നൽകുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. സ്‌കൂൾ, കോളേജ് ക്ളാസുകൾ കട്ട് ചെയ്‌ത് പോലും നമ്മുടെ യുവാക്കൾ ഇതിൽ വശപ്പെടുന്ന വാർത്തകൾ നിരവധിയുണ്ട്. ഓൺലൈനായി പ്രൊഫഷണൽ ലീഗിൽ ഈ ഗെയിം കളിക്കാനും പ്രൈസ് മണിയായി പണം നേടാനുമാണ് ഇത്തരത്തിൽ അവർ ചെയ്യുന്നത്.
ഇ-ബുളളിയെന്റ് ഗെയിമിംഗ് ഇന്ത്യ പോലെയുളള ടാലന്റ് മാനേജ്മെന്റ് ഏജൻസികൾ ഇത്തരം യുവാക്കളെ ലക്ഷ്യമിട്ടുളളവയാണ്. ഇ-ബുളളിയന്റ് സഹസ്ഥാപകനായ അമൻ ഗർഗ് പറയുന്നത് തന്റെ ഏജൻസിക്ക് ലഭിക്കുന്ന പകുതി വരുമാനവും പബ്‌ജി കളിക്കാരിൽ നിന്നാണെന്നാണ്.
പബ്‌ജി നിരോധനം രാജ്യത്തെ ഇ സ്‌പോർട്‌സ് മേഖലക്ക് വൻ തിരിച്ചടിയാകുമെന്നാണ് ഗാർഗ് കരുതുന്നത്. കഴിഞ്ഞ ജൂണിൽ ഇന്ത്യൻ ടീമായ ഓറഞ്ച് റോക്ക് പബ്‌ജി മൊബൈൽ പ്രോ ലീഗ് സൗത്ത് ഏഷ്യ ആദ്യ സീസൺ മത്സരത്തിൽ വിജയിച്ചിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ടീം ഇത്തരത്തിൽ വിജയിക്കുന്നത്. രണ്ടാം സീസൺ മത്സരങ്ങൾ സെപ്‌തംബർ 11നാണ് ആരംഭിക്കേണ്ടത്. 20 ഇന്ത്യൻ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. ഇതിനുളള അവസരം ഇപ്പോൾ നിരോധനത്തിലൂടെ ഇല്ലാതായി.
എന്നാൽ ടിക്‌ടോക് ഉണ്ടാക്കിയത്ര വലിയ പ്രത്യാഘാതം പബ്‌ജി നിരോധനം വഴി രാജ്യത്ത് ഉണ്ടാകില്ല എന്ന് തന്നെയാണ് വിദഗ്ധർ കരുതുന്നത്. ഇതേ മാതൃകയിലുളള ഫ്രീ ഫയർ, ക്രിയേറ്റീവ് ഡിസ്‌ട്രാക്ഷൻ, റൂൾസ് ഓഫ് സർവൈവൽ എന്നിങ്ങനെ ബാറ്റിൽ റോയൽ വിഭാഗത്തിൽ പെട്ട ഗെയിമുകൾ നിലവിൽ ലഭ്യമാണ് എന്നത് തന്നെ കാരണം. ഇവയിൽ ഏറ്റവുമധികം ഉപഭോക്താക്കളുണ്ടായിരുന്നത് പബ്‌ജിയ്‌ക്കാണെന്ന് മാത്രം.