sandeep-varrier

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആരോപണവുമായി ബി ജെ പി വക്താവ് സന്ദീപ് വാര്യർ. മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സതേടി പോയപ്പോൾ സർക്കാർ ഫയലുകളിൽ വ്യാജമായി ഒപ്പുവച്ചെന്നാണ് ബി ജെ പിയുടെ ആരോപണം.

2018 സെപ്തംബർ രണ്ടിന് വിദേശത്ത് പോയ മുഖ്യമന്ത്രി തിരിച്ച് വന്നത് 2018 സെപ്തംബർ 23നാണ്. മൂന്നാംതീയതി ഓഫീസിൽ ഒരു ഫയൽ എത്തുകയും സെപ്തംബർ ഒമ്പതിന് ഫയലിൽ ഒപ്പുവച്ചതായുള്ള രേഖകളും സന്ദീപ് വാര്യർ പുറത്തുവിട്ടു. മലായാള ഭാഷ ദിനാഘോഷവുമായി ബന്ധപ്പെട്ട് പൊതുഭരണവിഭാഗത്തില്‍ നിന്നുള്ള ഒരു സാധാരണ ഫയലാണ് അത്. മുഖ്യമന്ത്രി മയോ ക്ലിനിക്കില്‍ ചികിത്സയില്‍ കഴിയുന്ന സമയത്താണ് ഈ ഫയലില്‍ ഒപ്പുവച്ചിരിക്കുന്നത്. ഡിജിറ്റല്‍ സിഗ്നേച്ചറല്ലെന്നും അദ്ദേഹം പറ‌ഞ്ഞു.

കേരളത്തിൽ രണ്ട് മുഖ്യമന്ത്രിയുണ്ടോയെന്നും ഈ ഫയലിൽ ഒപ്പുവച്ചത് ശിവശങ്കറാണോ സ്വപ്ന സുരേഷാണോയെന്നും അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ കള്ള ഒപ്പിടാനൊരാളെ പാർട്ടി അറിഞ്ഞ് നിയമിച്ചിട്ടുണ്ടോയെന്നും സന്ദീപ് വാര്യർ ആരോപിച്ചു.

മുന്‍ മുഖ്യമന്ത്രിമാര്‍ ഇത്തരത്തിലുള്ള യാത്രകളില്‍ എന്താണ് ചെയ്തിരുന്നതെന്ന് താന്‍ പരിശോധിച്ചു. കെ.കരുണാകരന്റെ കാലത്ത് ചെയ്തിരുന്നത് മുഖ്യമന്ത്രിയുടെ അറിവോടുകൂടി എന്നെഴുതി ചീഫ് സെക്രട്ടറിയാണ് ഫയലുകളില്‍ ഒപ്പുവച്ചിരുന്നതെന്ന് മനസിലാക്കാനായി. അതാണ് കീഴ്‌വഴക്കം. ഈ സംഭവത്തിന് ശേഷമാണ് എം.വി.ജയരാജനെ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.