ന്യൂഡൽഹി: വ്യാഴാഴ്‌ച പുലർച്ചെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. മോദിയുടെ ഔദ്യോഗിക വെബ്‌സൈറ്റുമായി ബന്ധിച്ചിരിക്കുന്ന ഈ അക്കൗണ്ട് ഹാക്ക് ചെയ്‌തവർ 'ജോൺ വിക്ക്' എന്ന പേരാണ് ഉപയോഗിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ക്രിപ്‌റ്റോ കറൻസിയിൽ സംഭാവന ചെയ്യണം എന്ന് ഹാക്ക് ചെയ്‌ത വിവരം അറിയിച്ച് ഇയാൾ പോസ്‌റ്റും ചെയ്‌തു. വിവരം ട്വിറ്റർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് ഈ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്‌തു.
ബിറ്റ്കൊയിൻ തട്ടിപ്പാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നാണ് കരുതുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റായ ബരാക് ഒബാമ, അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൺ, അമേരിക്കൻ വ്യവസായിയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് എന്നിവരുടെ അക്കൗണ്ടും ജോൺ വിക്ക് എന്ന പേരിലുളളയാളാണ് ജൂലായ് മാസത്തിൽ ഹാക്ക് ചെയ്‌തത്. എന്നാൽ ആരാണ് ഇയാളെന്ന് വ്യക്തമായിട്ടില്ല. @narendramodi_in എന്ന പേരുളള ഔദ്യോഗിക അക്കൗണ്ടിൽ ഓഗസ്‌റ്റ് 31നാണ് അവസാനമായി പ്രധാനമന്ത്രി പോസ്‌റ്ര് ചെയ്‌തത്.
2014ൽ കീനു റീവ്സ് നായകനായി പുറത്തിറങ്ങിയ ത്രില്ലർ വിഭാഗത്തിൽ പെട്ട ചിത്രമാണ് ജോൺ വിക്ക്. വാടകക്കൊലയാളിയായ ഒരാളുടെ കഥ പറയുന്ന ചിത്രത്തിന് രണ്ട് ഭാഗങ്ങൾകൂടി പിന്നീടുണ്ടായി. ചിത്രത്തിലെ നായകനായ കീനു റീവ്‌സിന്റെ പിറന്നാൾ ദിനം ഇന്നലെയായിരുന്നു എന്നൊരു കൗതുകകരമായ വസ്‌തുതയുമുണ്ട്.