gdp

കൊച്ചി: നടപ്പുവർഷം ഏപ്രിൽ-ജൂണിലെ ജി.ഡി.പി വളർച്ചയിൽ ഏറ്റവും വലിയ വീഴ്‌ച ഇന്ത്യയുടേതെന്ന് വ്യക്തമാക്കുന്ന ഗ്രാഫ് ഐ.എം.എഫിന്റെ ചീഫ് എക്കണോമിസ്‌റ്റ് ഗീതാ ഗോപിനാഥ് പുറത്തുവിട്ടു. 2020 ജനുവരി-മാർച്ചിലേതുമായി താരതമ്യം ചെയ്‌തുള്ളതാണ് ട്വിറ്ററിലൂടെ പുറത്തുവിട്ട ഗ്രാഫ്.

ജി.ഡി.പിയിൽ ഏറ്റവുമധികം തളർന്നത് ഇന്ത്യയോ അമേരിക്കയോ എന്ന തർക്കം സാമ്പത്തിക വിദഗ്ദ്ധർക്കിടയിൽ മുറുകുന്നതിനിടെയാണ് ഗീതയുടെ ട്വീറ്റ്. നേരത്തേ അമേരിക്കയുടെ ഇടിവ് നെഗറ്റീവ് 32 ശതമാനമാണെന്ന വാർത്തകളുണ്ടായിരുന്നു. എന്നാൽ,​ വാർഷിക,​ ത്രൈമാസ അടിസ്ഥാനങ്ങളിൽ പരിശോധിച്ചാലും അമേരിക്കൻ തളർച്ച നെഗറ്റീവ് 9.1 ശതമാനം മാത്രമാണെന്ന് ഐ.എം.എഫ് വ്യക്തമാക്കി.

ഇടിവിൽ മുന്നിൽ

(ഗീതാ ഗോപിനാഥ് പുറത്തുവിട്ട ഗ്രാഫ് പ്രകാരം പ്രമുഖ രാജ്യങ്ങളുടെ ജി.ഡി.പി വളർച്ച)

ഇന്ത്യ : -25.6%

ബ്രിട്ടൻ : -20.4%

സ്‌പെയിൻ : -18.5%

മെക്‌സിക്കോ : -17.1%

ഫ്രാൻസ് : -13.8%

ഇറ്റലി : -12.8%

കാനഡ : -11.5%

ടർക്കി : -11.0%

ബ്രസീൽ : -9.7%

അമേരിക്ക : -9.1%

റഷ്യ : -8.9%

ജപ്പാൻ : -7.8%

ഓസ്‌ട്രേലിയ : -7.0%

ഇൻഡോനേഷ്യ : -6.9%

ചൈന : 12.3%

-23.9%

കേന്ദ്രസർക്കാർ കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏപ്രിൽ-ജൂണിൽ ഇന്ത്യയുടെ വളർച്ച നെഗറ്റീവ് 23.9 ശതമാനമാണ്. ഇത്, 2019ലെ സമാനപാദവുമായി താരതമ്യം ചെയ്തുള്ള കണക്കാണ്.

''മഹാ ലോക്ക്ഡൗൺ മൂലം ജൂൺപാദ വളർച്ച ഏക്കാലത്തെയും താഴ്‌ന്ന നിരക്കിലെത്തി. സെപ്‌തംബർപാദത്തിൽ ഉണർവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പ്രമുഖ രാജ്യങ്ങളുടെ വളർച്ചാനിരക്ക് നെഗറ്റീവ് തലത്തിൽ തുടർന്നേക്കും. മാർച്ചുപാദത്തിൽ തളർന്ന ചൈന, ഏപ്രിൽ-ജൂണിൽ ശക്തമായാണ് തിരിച്ചുകയറിയത്""

ഗീത ഗോപിനാഥ്,

ചീഫ് എക്കണോമിസ്‌റ്റ്,

ഐ.എം.എഫ്