rubber-band

സാധനങ്ങൾ വാങ്ങുമ്പോഴും മറ്റും ഒരുപാട് റബർ ബാൻഡുകൾ നമുക്ക് കിട്ടാറുണ്ട്. ചിലരെങ്കിലും അതിനെ പിന്നീട് ഉപയോഗിക്കുന്നതിനായി മാറ്റിവയ്ക്കാറുമുണ്ട്. എന്നാൽ ജപ്പാനിലെ ബിരുദ വിദ്യാർത്ഥിയായ റൈ സകാമോട്ടോയ്ക്ക് റബർ ബാൻഡുകൾ കിട്ടിയപ്പോൾ സംഗതി ആകെ മാറി. കിട്ടിയ റബർ ബാൻഡുകൾ കൂട്ടിവച്ച് ആദ്യം നിർമ്മിച്ചത് സ്റ്റൈലിഷ് വസ്ത്രങ്ങൾ. അതെല്ലാം കണ്ടാൽ നൂലുകൊണ്ട് തുന്നിയതാണെന്നേ തോന്നൂ. റബർ ബാൻഡ് കൊണ്ടുണ്ടാക്കിയ ഒരു വസ്ത്ര ശേഖരം തന്നെ റൈയുടെ പക്കലുണ്ട്.

റൈ സകാമോട്ടോ തമ ആർട്സ് യൂണിവേഴ്സിറ്റിയിലാണ് പഠിക്കുന്നത്. പ്രബന്ധം അവതരിപ്പിക്കുന്നതിനാണ് വൈവിദ്ധ്യമാർന്ന റബർ ബാൻഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ റൈ തീരുമാനിച്ചത്. ഓഫീസ് സ്റ്റേഷനറി മുതൽ ഇലക്ട്രോണിക്സ് രംഗങ്ങളിൽ വരെ, റബർ ബാൻഡിന് നൂറുകണക്കിന് ഉപയോഗങ്ങളാണുള്ളത്. എന്നാൽ, ഫാഷനബിൾ വസ്ത്ര നിർമ്മാണത്തിന് ഇതാദ്യമായിട്ടായിരിക്കും റബർ ബാൻഡ് ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് റബർ ബാൻഡുകൾ ചേർത്ത് വസ്ത്രങ്ങളും, ജാക്കറ്റുകളും റൈ ഉണ്ടാക്കി കഴിഞ്ഞു. റബർ ബാൻഡിന് വളരെയധികം ഉപയോഗങ്ങളുണ്ടെന്ന തിരിച്ചറിവിൽ വ്യത്യസ്തമായൊരു ആശയം എന്ന നിലയിലാണ് പ്രോജക്റ്റിനായി റബർബാൻഡ് ഡ്രസ് എന്ന ആശയം സകാമോട്ടോ അവതരിപ്പിച്ചത്. ഇതിന്റെ ഭാഗമായി നടത്തിയ എക്സിബിഷനിൽ റബർ ബാൻഡ് വസ്ത്രശേഖരം വളരെയേറെ ജനശ്രദ്ധ നേടിയിരുന്നു.