beard

സിനിമാതാരങ്ങളെ കണ്ടാണ് പലരും താടിയും മീശയുമെല്ലാം സ്റ്റൈലിഷാക്കുന്നത്. എന്നാൽ, നല്ല ആരോഗ്യമുള്ള നീണ്ട താടിയും മീശയും ചിലർ അഭിമാനമായി കാണുന്നു. പല സംസ്കാരങ്ങളിലും പൗരുഷത്തിന്റെ പ്രതീകമായി താടിയെയും മീശയേയും കണക്കാക്കാറുണ്ട്. എന്നാൽ, വ്യത്യസ്തമായി നീട്ടിവളർത്തിയ താടിയും മീശയും ഉള്ളവർക്ക് മാത്രം പങ്കെടുക്കാൻ കഴിയുന്ന ഒരു ചാമ്പ്യൻഷിപ്പ് തന്നെയുണ്ട്- ലോക താടി മീശ ചാമ്പ്യൻഷിപ്പ്.

2017 മുതൽ സ്ത്രീകൾക്ക് കൃത്രിമ താടി ഉപയോഗിച്ച് ഈ മത്സരത്തിൽ പങ്കെടുക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. 1970കളുടെ തുടക്കത്തിൽ വടക്കൻ ഇറ്റലിയിൽ ആദ്യത്തെ ചാമ്പ്യൻഷിപ്പുകൾ നടന്നതായി ഒരു ഇറ്റാലിയൻ ഗ്രൂപ്പ് അവകാശമുന്നയിച്ചിരുന്നു. 1990ൽ ജർമ്മനിയിലെ ഹെഫെനർ ബിയേർഡ് ക്ലബ് സംഘടിപ്പിച്ച മത്സരമാണ് ആദ്യത്തേതെന്ന വാദങ്ങളുമുണ്ട്.

ഇതേ ക്ലബ് 1995ൽ രണ്ടാമത്തെ ലോക താടിയും മീശയും ചാമ്പ്യൻഷിപ്പ് ജർമ്മൻ നഗരമായ ഫോർഷൈമിൽ നടത്തി. 1995ന് ശേഷം വടക്കൻ യൂറോപ്പിലെ പ്രാദേശിക താടി ക്ളബുകൾ ഓരോ രണ്ട് വർഷത്തിലും അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കാൻ തുടങ്ങി. അവസാനമായി 2019ലെ മത്സരം നടന്നത് ബെൽജിയത്തിലാണ്. മത്സരത്തിൽ പങ്കെടുക്കുന്നതിന് കൃത്രിമ താടിയായാലും മതി. 2017ൽ അമേരിക്കയിലെ ടെക്സാസിൽ നടന്ന ലോക താടി മീശ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ 33 രാജ്യങ്ങളിൽ നിന്നായി 738 മത്സരാർത്ഥികൾ പങ്കെടുത്തിരുന്നു.