തിരുവനന്തപുരം: വെഞ്ഞാറമൂട് കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകരുടെ കയ്യിൽ വാളുണ്ടായിരുന്നെന്ന ദൃശ്യങ്ങളിൽ വിശദീകരണവുമായി സി.പി.എം. സുരക്ഷയ്ക്ക് വാൾ കയ്യിൽ കരുതിയതാകാമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അല്ലെങ്കിൽ അക്രമികളിൽ നിന്ന് വാൾ പിടിച്ചുവാങ്ങിയതാകാം. ഇവർ മറ്റാരേയും ആക്രമിക്കാൻ പോയതല്ലെന്നും ആനാവൂർ നാഗപ്പൻ വിശദീകരിച്ചു.
കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ നടത്തിയ കൊലപാതകമാണിത്. പരിശീലനം ലഭിച്ച ഗുണ്ടകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ്. തിരുവോണ നാളിൽ തന്നെ കൊലപാതകം നടത്തണമെന്ന ഉദ്ദേശത്തോടെ തന്നെ നീക്കങ്ങൾ നടത്തി തുടങ്ങിയിരുന്നുവെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചു. ഗൂഢാലോചനയിൽ അടൂർ പ്രകാശിന് പങ്കുണ്ട്. ഇതിൽ നിന്ന് രക്ഷപ്പെടാനാണ് അദ്ദേഹത്തിന്റെ ശ്രമങ്ങൾ. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമാണ് തേമ്പാമൂട് എന്ന സ്ഥലത്ത് സംഘർഷങ്ങൾ ശക്തിയായി ഉയർന്നുവന്നത്. ഇവിടെ മുമ്പ് കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു. എന്നാൽ പിൽക്കാലത്ത് കോൺഗ്രസിൽ നിന്ന് സി.പി.എമ്മിലേക്ക് ഒരു പറ്റം ചെറുപ്പക്കാർ വന്നു. അങ്ങനെ വന്നവരിൽ രണ്ടു പേരാണ് ഇപ്പോൾ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിന്റെ രംഗപ്രവേശത്തോടെയാണ് വാളും വെട്ടുകത്തിയുമൊക്കെ സംഘർഷങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് സി.പി.എമ്മിനും ഇടതുപക്ഷത്തിനും ഇവിടെ മേൽകൈ കിട്ടിയെന്ന ആശങ്ക കോൺഗ്രസിനുണ്ടാവുകയും അവർ അന്നുതന്നെ സംഘർഷം ഉണ്ടാക്കുകയും ചെയ്‌തിരുന്നു.
കോൺഗ്രസിലെ ഉന്നത നേതാക്കൾക്ക് ഇതിൽ ബന്ധമുണ്ട്. വ്യക്തിപരമായ സംഭവത്തിന്റെ ഭാഗമായി ഉണ്ടായ സംഘർഷമെന്നാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. ഇതിനാണ് ഡി.കെ മുരളി എം.എൽ.എയെ വലിച്ചിഴക്കുന്നത്. കൊല്ലപ്പെട്ടത് ഗുണ്ടകളാണെന്ന് അധിക്ഷേപിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. കേസിൽ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.