തിരുവനന്തപുരം: ബംഗളൂരുവിൽ സീരിയൽ നടി അനിഘയേയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യുമ്പോൾ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അധികൃതർ ഞെട്ടിപ്പോയിട്ടുണ്ടാകണം. കാരണം അനിഘ താമസിച്ചിരുന്ന ബംഗളൂരു കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് ഹോട്ടൽ അപ്പാർട്ട്മെന്റിൽ നടത്തിയ റെയ്ഡിൽ 140 മെഥലിൻ ഡൈ ഓക്സീ മെത്താഫെറ്റമൈൻ എന്ന എം.ഡി.എം.എ ഗുളികകളും 2.20 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. ഒരു സീരിയൽ നടി ഇത്തരത്തിൽ മയക്കുമരുന്ന് കടത്തിൽ ഉൾപ്പെടുമെന്ന് ആരും കരുതിയിരുന്നുമില്ല. മാത്രമല്ല, പ്രൊഫഷണൽസിനെ വെല്ലുംവിധമാണ് അനിഘയുടെ സംഘം മയക്കുമരുന്ന് ആവശ്യക്കാർക്ക് എത്തിച്ച് നൽകിയിരുന്നത്. ആസൂത്രണത്തിലെ മികവ് കുറേനാൾ കൊണ്ടുപോകാനായെങ്കിലും ഒടുവിൽ നർക്കോട്ടിക്സ് അധികൃതരുടെ വലയിൽ അനിഘയും സംഘവും വീണു. അനിഘയും സംഘവും ആവശ്യക്കാർക്ക് എത്തിച്ചിരുന്നത് ലൈസർജിക്ക് ആസിഡ് ഡൈ ഈഥൈൽ അമൈഡ് എന്നറിയപ്പെടുന്ന എൽ.എസ്.ഡി സ്റ്റാമ്പുകളാണ്. പാലക്കാട് സ്വദേശിയാണ് അനിഘയെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, അനിഘയ്ക്ക് മലയാളി വേരുകളുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടുമില്ല.
സിനിമാ മോഹത്തിൽ തുടങ്ങിയ യാത്ര
24 വയസുള്ള അനിഘ കഴിഞ്ഞ ആറ് വർഷമായി മയക്കുമരുന്ന് കടത്തുന്നതായി എൻ.ബി.സി പറയുന്നു. ഹോട്ടൽ മാനേജ്മെന്റ് ബിരുദം നേടിയ ശേഷം ഒരു സ്വകാര്യ സ്ഥാപനത്തിൽ അനിഘ ജോലിക്ക് കയറി. അഭിനയമോഹം മനസിലുണ്ടായിരുന്ന അനിഘ, സിനിമയും ലക്ഷ്യമിട്ടിരുന്നു. ഇതിനിടെ നൈജീരിയൻ സ്വദേശിയായ ആൻഡിയുമായി പരിചയപ്പെട്ടു. ഇയാൾക്ക് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടായിരുന്നു. തുടർന്ന് ആൻഡിയുടെ ടെക്‌സ്റ്റൈൽ ബിസിനസിൽ പങ്കുകച്ചവടക്കാരിയായി. എന്നാൽ പൊലീസിനെ ആക്രമിച്ച് കേസിൽ ആൻഡി ജയിലിലായതോടെ ബിസിനസ് തകർന്നു. തുടർന്നാണ് അനിഘ സീരിയലിൽ അഭിനയിക്കാനായി ഇറങ്ങിപ്പുറപ്പെട്ടത്. എന്നാൽ ചെറിയ റോളുകൾ മാത്രം ലഭിച്ച അനിഘയ്ക്ക് സീരിയൽ രംഗത്ത് തിളങ്ങാനായില്ല. എന്നാൽ, ഇതിനോടകം സീരിയൽ പ്രവർത്തകരുടെ ബന്ധങ്ങൾ ഉപയോഗിച്ച് അനിഘ സിനിമാക്കാരുമായി സൗഹൃദം സ്ഥാപിച്ചു. ആൻഡിയുമായുള്ള പരിചയവും ഉപയോഗിച്ചു. സീരിയൽ പ്രവർത്തകരിൽ നിന്നാണ് കന്നഡ സിനിമയിലെ മയക്കുമരുന്ന് ശൃംഖലയെ കുറിച്ച് അനിഘയ്ക്ക് വിവരങ്ങൾ ലഭിച്ചത്. ബംഗളൂരുവിലെ മുന്തിയ ഹോട്ടലുകളിലെ നിശാപ്പാർട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്നും സമൂഹത്തിലെ ചില ഉന്നതരുടെ മക്കളടക്കമുള്ളവർ മയക്കുമരുന്നിന്റെ ഉപഭോക്താക്കളാണെന്നും മനസിലാക്കി. ഇതോടെയാണ് മയക്കുമരുന്ന് വിൽപനയിലൂടെ വേഗത്തിൽ പണം ഉണ്ടാക്കാമെന്ന ചിന്തയിലേക്ക് അനഘ എത്തിയത്. ആദ്യമൊക്കെ വിദ്യാർത്ഥികളായിരുന്നു ഇരകൾ. പിന്നീട് കന്നഡ സിനിമയിലെ ചിലർ വഴിയാണ് മയക്കുമരുന്ന് കണ്ണികളുമായി അനിഘ ബന്ധപ്പെട്ടത്. മയക്കുമരുന്ന് റാക്കറ്റിന്റെ വിശ്വാസം നേടിയെടുത്ത അനിഘ പതുക്കെ ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുടെ ചുക്കാൻ തന്റെ കൈപ്പിടിയിലാക്കുകയായിരുന്നു.
ഗ്ളാമർ മറയാക്കി കച്ചവടം
സിനിമാ താരങ്ങളുമായി ബന്ധം സ്ഥാപിച്ച അനിഘ അവർ നിശാപ്പാർട്ടികളിൽ എത്തുമ്പോഴായിരുന്നു മയക്കുമരുന്ന് കൈമാറിയിരുന്നത്. തന്റെ ഗ്ളാമറും ബന്ധങ്ങളും ഉപയോഗിച്ച് അനിഘ സിനിമാമേഖലയിൽ മയക്കുമരുന്നിന്റെ വല വിരിച്ചു. നടീ-നടന്മാർ അനിഘയിൽ വിശ്വാസമുള്ളവരായതോടെ മയക്കുമരുന്നിനായി സ്ഥിരം അവരെ സമീപിച്ചു. അന്താരാഷ്ട്ര കൊറിയർ സർവീസ് വഴിയാണ് അനിഘ വിദേശത്ത് നിന്ന് മയക്കുമരുന്ന് എത്തിച്ചിരുന്നത്. പണം ബിറ്റ്കോയിനായാണ് നൽകിയിരുന്നത്. ഇടപാടുകൾക്ക് കോഡ് നാമങ്ങളാണ് പലപ്പോഴും ഉപയോഗിച്ചിരുന്നത്. ഇതിനായി ബി മണി എന്ന പേരിൽ വെബ്സൈറ്റും തയ്യാറാക്കിയിരുന്നു. അമീനംഖാൻ മുഹമ്മദ് എന്നയാളാണ് ഇടപാടുകളുടെ സൂത്രധാരനെന്ന് എൻ.ബി.സി കണ്ടെത്തിയിട്ടുണ്ട്. തപാൽ സ്‌റ്റാമ്പിന്റെ മറുവശത്ത് തേച്ച് പാവകൾക്കുള്ളിലും കളിപ്പാട്ടങ്ങളിലുമായി ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. തുടർന്ന് പാവകൾ കൊറിയർ വഴി അയയ്ക്കും. ഇങ്ങനെ അയയ്ക്കുന്ന പാവകൾ നിശാപ്പാർട്ടികളിലും മറ്റും സമ്മാനപ്പൊതികളായി വിതരണം ചെയ്യുകയായിരുന്നു രീതി. ആർക്കും സംശയവും തോന്നില്ല.
പ്രിയം എൽ.എസ്.ഡി
വെയിലേറ്റാൽ ആവിയാകുന്ന എൽ.എസ്.ഡി പോലുള്ള മാരക ലഹരിവസ്തുക്കളാണ് ചിലർക്ക് പ്രിയം. സ്റ്റാമ്പ് രൂപത്തിൽ ലഭിക്കുന്ന എൽ.എസ്.ഡിക്കാണ് ആവശ്യക്കാരേറെയും. സ്‌റ്റാമ്പിന്റെ ഒരു ഭാഗം നീക്കി നാവിനടിയിൽ വച്ചാൽ ലഹരിയുടെ ഉന്മാദാവസ്ഥയാണ്. ലൈസർജിക്ക് ആസിഡ് അന്തരീക്ഷ ഊഷ്‌മാവിൽപോലും ലയിക്കും. അതിനാൽ തന്നെ ഇത്തരം കേസുകളിൽ തെളിവുണ്ടാക്കുന്നതു പോലും പലപ്പോഴും ബുദ്ധിമുട്ടാണ്. മാത്രമല്ല, സമൂഹത്തിൽ ഉന്നതബന്ധങ്ങളുള്ള സിനിമാപ്രവർത്തകരുള്ള സെറ്റുകളിൽ കടന്ന് പരിശോധിക്കുന്നതിനും പരിമിതികളുണ്ട്. ലഹരിക്കായി ഉപയോഗിക്കുന്ന എം.ഡി.എം.എ ബംഗളൂരുവിലെ ചില കേന്ദ്രങ്ങളിൽ വ്യാപകമായി നിർമ്മിക്കുന്നുണ്ടെന്നും എൻ.സി.ബിക്ക് വിവരം ലഭിച്ചിട്ടുണ്ട്. നൈജീരിയൻ സ്വദേശികളാണ് ഇതിനുപിന്നിൽ. വിപണിയിൽ സുലഭമായി ലഭിക്കുന്ന ചില രാസവസ്തുക്കളിൽ നിന്ന് ഇവ നിർമ്മിക്കാം. ഇതിൽ ചേർക്കാനുള്ള രാസവസ്തു വിദേശത്ത് നിന്നാണെത്തുന്നത്.
ഉന്നതരുടെ സഹായമോ?
മയക്കുമരുന്ന് കടത്തിന് അനിഘയ്ക്കും സംഘത്തിനും ഉന്നതരുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും എൻ.ബി.സി കരുതുന്നു. അനിഘയുടെ ഡയറിയിൽ കന്നഡയിലെ പ്രമുഖ പത്ത് സിനിമാതാരങ്ങളുടെയും സംഗീതജ്ഞരുടെയും വി.ഐ.പികളുടെ മക്കളുടെയും പേരുകളുണ്ട്. അതിനാൽ തന്നെ ഈ സ്വാധീനങ്ങളെല്ലാം അനിഘ മയക്കുമരുന്ന് കടത്തിന് രക്ഷാകവചം ആക്കിയിട്ടുണ്ടാകാമെന്ന് പൊലീസ് കരുതുന്നു. ലോക്ക് ഡൗൺ കാലത്ത് മദ്യം ലഭിക്കാതെ വന്നപ്പോൾ ചില നടിമാർ കൂടുതലായി ലഹരി ഉപയോഗിച്ചിരുന്നതായി അനിഘ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. 2000 മുതൽ 5000 രൂപ വരെ വാങ്ങി എം.ഡി.എം.എ ഗുളികകൾ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നതായി അനിഘ വെളിപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ 1500നും 2500 രൂപയ്കക്കുമിടയിലാണ് ഗുളികകളുടെ വില.
അനൂപിനെ പരിചയപ്പെടുത്തിയത് കണ്ണൂർ സ്വദേശി
മയക്കുമരുന്ന് കേസിൽ ബംഗളൂരുവിൽ അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന് അനിഘയെ പരിചയപ്പെടുത്തിയത് കണ്ണൂർ സ്വദേശിയായ ജിംറീൻ ആഷിയാണ്. അനിഘയുടെ ഫോൺ നമ്പർ അനൂപിന് നൽകിയതും ഇയാൾ തന്നെ. 2013ൽ ബംഗളൂരുവിലെത്തിയ മുഹമ്മദ് അനൂപ് കമ്മനഹള്ളി മേഖലയിലെ ആഫ്രിക്കൻ പൗരന്മാരിൽ നിന്ന് മയക്കുമരുന്ന് ഗുളികകൾ വാങ്ങി ഉപയോഗിച്ചായിരുന്നു തുടക്കം. പിന്നീട് കോളജ് വിദ്യാർത്ഥികൾക്കും നിശാപാർട്ടികൾക്കും മയക്കുമരുന്നെത്തിച്ച് പണം കണ്ടെത്തി. 2015ൽ കമ്മനഹള്ളിയിലെ പാട്ടത്തിനെടുത്ത കെട്ടിടത്തിൽ 'ഹയാത്ത്' എന്ന പേരിൽ ഹോട്ടൽ തുടങ്ങി. എന്നാൽ, 2018ൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹോട്ടൽ മറ്റൊരു സംഘത്തിന് കൈമാറി. ഈ വർഷം ഫെബ്രുവരിയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഹെന്നൂർ കല്യാൺനഗറിൽ 'റോയൽ സ്യൂട്ട്സ്' എന്ന പേരിൽ ഹോട്ടലും അപ്പാർട്ട്‌മെന്റും ആരംഭിച്ചു. ലോക്ക് ഡൗൺ കാരണം വൻ സാമ്പത്തിക നഷ്ടം നേരിട്ടതോടെ എളുപ്പം പണം കണ്ടെത്താൻ മയക്കുമരുന്ന് ഇടപാടിലേക്ക് മാറി. ജിംറീന്റെ സുഹൃത്തെന്ന് പരിചയപ്പെടുത്തി അനിഘയെ ബന്ധപ്പെട്ട അനൂപ് ടെലഗ്രാം മെസേജ് വഴി ഇടപാടുറപ്പിക്കുകയും ബംഗളൂരു കൊത്തനൂരിലെ കോഫി ഷോപ്പിൽ വച്ച് പണം നൽകുകയും ചെയ്തു. തുടർന്ന് വൈകിട്ട് കല്യാൺനഗറിലെ തന്റെ അപ്പാർട്ട്‌മെന്റിലെത്തി അനിഘ മയക്കുമരുന്ന് കൈമാറിയതായും മുഹമ്മദ് എൻ.സി. ബിക്ക് മൊഴി നൽകിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ റിജേഷ് രവീന്ദ്രനും അനൂപും 2015 മുതൽ സുഹൃത്തുക്കളാണ്. ഗോവയിലെ ഒരു സംഗീത പാർട്ടിയിക്കിടെയാണ് ഇവർ പരിചയപ്പെട്ടത്.