ബംഗളൂരു: മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അന്വേഷണം വ്യാപിപ്പിക്കുന്നു. നിലവിൽ പിടിയിലായവരെ ചോദ്യം ചെയ്തവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്റെ വ്യാപ്തി കൂട്ടുന്നത്. ചില നിർണായക വിവരങ്ങൾ എൻ.സി.ബിക്ക് ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. അതിനിടെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സമാന്തര അന്വേഷണം നടത്തുന്ന ബംഗളൂരൂ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) കന്നഡ നടി രാഗിണി ദ്വിവേദിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. രാഗിണിയുടെ സുഹൃത്തും സർക്കാർ ഉദ്യോഗസ്ഥനുമായ രവിശങ്കറിനെയും ചോദ്യം ചെയ്യും.
എൻ.സി.ബി അറസ്റ്റുചെയ്ത എറണാകുളം വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സിനിമാരംഗത്തേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. രാഗിണിയെ ചോദ്യം ചെയ്യുന്നതിലൂടെ കന്നഡ സിനിമാമേഖലയിലെ മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സി.സി.ബി. അനിഘയുടെ ഡയറിയിൽ 15 പേരുകൾ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണികളായ കന്നഡ സീരിയൽ നടി അനിഘയേയും കൊച്ചി സ്വദേശി അനൂപിനെയും പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രനെയും ആഗസ്‌റ്റ് 21ന് ബംഗളൂരുവിൽ നിന്നാണ് എൻ.സി.ബി അറസ്‌റ്റു ചെയ്തത്. പിടികൂടുമ്പോൾ അനിഘയുടെ കൈയിലുണ്ടായിരുന്ന ഡയറിയിൽ നിന്ന് മയക്കുമരുന്ന് ഇടപാടുമായി ബന്ധമുള്ള സിനിമാമേഖലയിലെ പതിനഞ്ചോളം പേരുടെ വിവരങ്ങൾ എൻ.സി.ബിക്ക് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ എൻ.സി.ബിയും രാഗിണിയെ ചോദ്യം ചെയ്തേക്കും. കല്യാൺനഗറിലെ വീട്ടിൽ നിന്നാണ് അനൂപ് പിടിയിലായത്. അനൂപിനെ ചോദ്യംചെയ്‌തിൽ നിന്നാണ് റിജേഷിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇരുവരും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അനിഘയെ അറസ്റ്റ് ചെയ്തത്.
നഗരത്തിലെ മുന്തിയ ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് സിനിമാമേഖലയിലുള്ളവർക്ക് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത്. നിഗൂഢ ഇന്റർനെറ്റ് മയക്കുമരുന്ന് കടത്തിന് അനൂപ് എല്ലായ്‌പ്പോഴും ആശ്രയിച്ചിരുന്നത് നിഗൂഢ ഇന്റർനെറ്റ് എന്നറിയപ്പെടുന്ന ഡാർക്ക് വെബിനെയാണ്. അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്ന് ഡാർക്ക് നെറ്റിലൂടെ ബംഗളൂരു, മുംബയ്, ഗോവ, ഡൽഹി എന്നിവിടങ്ങളിലേക്ക് എയർകാർഗോ വഴിയാണ് മയക്കുമരുന്ന് എത്തിക്കുന്നത്. ഇടപാടുകൾക്ക് ക്രിപ‌്റ്റോ കറൻസിയോ ബിറ്റ് കോയിനുകളോ ആണ് ഉപയോഗിച്ചിരുന്നത്.
രാഗിണി ദ്വിവേദി
മുൻ മിസ് ഇന്ത്യ കന്നഡ നടിയും മോഡലുമായ രാഗിണി മുൻ ഫെമിന മിസ് ഇന്ത്യ കൂടിയാണ്. 2009ൽ വീര മടകരി എന്ന സിനിമയിലൂടെ കന്നഡ സിനിമയിൽ അരങ്ങേറി. രാഗിണി ഐ.പി.എസ് അടക്കമുള്ള സിനിമകളിലൂടെ കന്നഡ സിനിമാരംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തു.2010ൽ ഇറങ്ങിയ കാണ്ടഹാർ എന്ന സിനിമയിലൂടെ മലയാളികൾക്കും സുപരിചതയാണ് രാഗിണി. ഫേസ് ടു ഫേസ് എന്ന സിനിമയിലും നായികയായി.