gold

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിലെ സഹകരണബാങ്കിൽ നിന്ന് അഞ്ചരക്കിലോ സ്വർണവും നാലരലക്ഷം രൂപയും കവർന്നു. ബാങ്കിലെ ലോക്കറുകൾ തകർത്തായിരുന്നു മോഷണം. എന്നാൽ എന്നാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. ഓണാ വധികഴിഞ്ഞ് ഇന്ന് ജീവനക്കാർ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ബാങ്കിലെ സി സി ടി വി ക്യാമറകളുടെ ഹാർഡ് ഡിസ്കും മോഷ്ടാക്കൾ കൊണ്ടുപോയി. പണയ ഉരുപ്പടികളായിരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടമായത് എന്നാണ് റിപ്പോർട്ട്.

ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് മോഷ്ടാക്കൾ ലോക്കർ തകർത്തത്. മോഷ്ടാക്കളെ കണ്ടെത്താൻ ബാങ്കിന് സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. വൻസംഘമാകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ബാങ്കിനുളളിൽ അലാറം സംവിധാനം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.