ദുബായ് : വർഷം 2015... മാലി ദ്വീപിലെ ഒരു സ്വകാര്യ ദ്വീപ്... ബ്രസീൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം സുന്ദരികളായ സ്ത്രീകൾ അവിടെയുണ്ട്. അവിടെ ഒരു പാർട്ടി നടക്കുകയാണ്. മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഏതാനും പുരുഷൻമാർ അവിടെയുണ്ടായിരുന്നു. അന്ന് ആ പാർട്ടി നടത്തിയത് 29 കാരനായ മുഹമ്മദ് ബിൻ സൽമാൻ ആയിരുന്നു. അതെ, സൗദി അറേബ്യയുടെ കിരീടാവകാശിയും രാജ്യത്തിന്റെ പ്രതിരോധമന്ത്രിയുമായിരുന്നു അന്ന് അദ്ദേഹം. ഇന്ന് സൗദിയുടെ ഉപപ്രധാനമന്ത്രിയും അറേബ്യൻ നാടുകളിലെ ഏറ്റവും ശക്തനും സമ്പന്നനുമായ നേതാവുമാണ് സൽമാൻ.
ലോകത്തെ ഏറ്റവും ആഡംബരപൂർണവും ചെലവേറിയതുമായ മാലിദ്വീപിലെ വെലാ എന്ന സ്വകാര്യ ദ്വീപാണ് സൽമാൻ അന്ന് തന്റെ ആഘോഷങ്ങൾക്കായി തിരഞ്ഞെടുത്തത്. ഇന്ത്യൻ മഹാസമുദ്രത്തിന് അഭിമുഖമായി നാല് ഡസനോളം വില്ലകൾ, സ്വിമ്മിംഗ് പൂളുകൾ എന്നിങ്ങനെ എല്ലാ വിധ സജ്ജീകരണങ്ങളും നിറഞ്ഞതായിരുന്നു അവിടം. ഓരോ അതിഥികളെ സ്വീകരിക്കാനും വെവ്വേറെ ഭൃത്യന്മാർ. ദ്വീപിലെ ഉഷ്ണമേഖലാ കടൽത്തീരത്ത് കൃത്രിമ ഹിമപാതം സൃഷ്ടിച്ച് ഉല്ലസിക്കാനുള്ള സ്നോ മെഷീനുകൾ വരെ അവിടെ സജ്ജമായിരുന്നു. ഒരു രാജകുമാരന് തന്റെ അവധിക്കാലം ചെലവഴിക്കാൻ അനുയോജ്യമായ ദ്വീപായിരുന്നു അത്. ബ്രാഡ്‌ലി ഹോപ്, ജസ്റ്റിൻ ഷെക് എന്നിവർ ചേർന്ന് എഴുതിയ ' ബ്ലഡ് ഈൻ ഓയിൽ : മുഹമ്മദ് ബിൻ സൽമാൻസ് റൂത്ത്‌ലസ് ക്വസ്റ്റ് ഫോർ ഗ്ലോബൽ പവർ ' എന്ന പുസ്കത്തിലാണ് സൽമാൻ രാജകുമാരന്റെ അതീവ ആഡംബര ജീവിതത്തെ പറ്റിയുള്ള അധികം ആരും അറിയാത്ത വെളിപ്പെടുത്തലുകളുള്ളത്.
വെലാ ദ്വീപിനെ മൊത്തമായി സൽമാൻ വാടകയ്ക്കെടുത്തിരുന്നു. ഏകദേശം 50 മില്യൺ ഡോളറാണ് സൽമാൻ ഇതിനായി ചെലവഴിച്ചതെന്ന് പുസ്തകത്തിൽ പറയുന്നു. ഇവിടുത്തെ റിസോർട്ടുകളിലെ 300 ലധികം വരുന്ന ജീവനക്കാർക്ക് 5,000 ഡോളർ ബോണസ് അദ്ദേഹം നൽകിയിരുന്നു. സൽമാന്റെ വരവിന് മുമ്പ് 1,000 മുതൽ 1,200 ഡോളർ വരെയായിരുന്നു ഇവർക്ക് മാസം ലഭിച്ചിരുന്നത്. സ്വകാര്യത സൂക്ഷിക്കുക എന്നത് സൽമാന് വളരെ നിർബന്ധമുള്ള കാര്യമായിരുന്നു. അതുകൊണ്ട് തന്നെ താൻ ദ്വീപിൽ നടത്തുന്ന ആഡംബര പാർട്ടി മാദ്ധ്യമങ്ങളിൽ നിന്നും മാറ്റി നിറുത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ദ്വീപിലെ ജീവനക്കാർക്ക് സ്മാർട്ട് ഫോണുകൾ അനുവദിച്ചിരുന്നില്ല. പണ്ടത്തെ നോക്കിയയുടെ കീപാഡ് ഫോൺ ആയിരുന്നു ജീവനക്കാർക്കെല്ലാം നൽകിയിരുന്നത്. നിർദ്ദേശം തെറ്റിച്ചതിന് രണ്ട് പേരെ ജോലിയിൽ നിന്നും പുറത്താക്കുകയും ചെയ്തു.
ദ്വീപിലേക്കെത്തിയ വനിതാ മോഡലുകൾക്കെല്ലാം മറ്റ് രോഗങ്ങളൊന്നുമില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് ദ്വീപിലെ വില്ലകളിൽ താമസിപ്പിച്ചത്. ഇതിന് ശേഷമാണ് സൽമാനും സുഹൃത്തുക്കളും സൗദിയിൽ നിന്നും എത്തിയതെന്നും പുസ്തകത്തിൽ പറയുന്നു. വർഷങ്ങളായി സൽമാൻ രാജകുമാരനെ നിരീക്ഷിച്ചു വരുന്ന പുസ്കത്തിന്റെ രചയിതാക്കൾ വാൾസ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടർമാർ കൂടിയാണ്.
വിനോദത്തിനായി പാശ്ചാത്യ സംഗീത ലോകത്തെ പ്രമുഖർ അടക്കമുള്ളവർ ദ്വീപിലേക്കെത്തി. പിറ്റ്ബുൾ, കൊറിയൻ റാപ്പർ സൈ, ഡി.ജെ. അഫ്രോജാക്ക്, ജെന്നിഫർ ലോപസ്, ഷക്കീറ ഇങ്ങനെ നീളുന്നു നിര. രാവിലെ ദ്വീപിൽ വലിയ ആളനക്കം ഉണ്ടാകില്ല. എന്നാൽ രാത്രിയാകുന്നതോടെ ഡി.ജെയും മറ്റ് ആഘോഷങ്ങളും ആരംഭിക്കും. ആഘോഷങ്ങളിലെല്ലാം സൽമാന്റെ സാന്നിദ്ധ്യം സജീവമായിരുന്നു. ഡി.ജെ. ടേബിൾ പോലും ചില അവസരങ്ങളിൽ നിയന്ത്രിക്കുന്നത്. ദ്വീപിൽ ഒരാഴ്ച പിന്നിട്ടപ്പോഴേക്കും സൽമാന്റെ സാന്നിദ്ധ്യത്തെ പറ്റി ഒരു പ്രാദേശിക മാദ്ധ്യമത്തിന് വിവരം ലഭിച്ചു. താമസിക്കാതെ അത് മറ്റിടങ്ങളിലേക്കും വ്യാപിച്ചു. ഉടൻ തന്നെ സൽമാൻ ദ്വീപിൽ നിന്നും മടങ്ങി. ദ്വീപിലെ സ്ത്രീകളെയും മടക്കി അയച്ചു.
ആരും അറിയാതെ ആഡംബര പൂർണമായ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് സൽമാൻ. സ്വകാര്യ ദ്വീപിലെ ആഘോഷങ്ങൾ പാതിവഴിയിൽ നിറുത്തി മടങ്ങിയെങ്കിലും സൽമാൻ വീണ്ടും ആഡംബര ലോകത്തേക്ക് കേന്ദ്രീകരിച്ചിരുന്നു. 439 അടി നീളമുള്ള ഒരു ആഡംബര നൗകയാണ് സൽമാൻ അടുത്തതായി സ്വന്തമാക്കിയത്. ഒരു റഷ്യൻ വോഡ്ക ബിസിനസുകാരനിൽ നിന്നും 500 മില്യൺ ഡോളർ മുടക്കിയാണ് ഈ കപ്പൽ സൽമാൻ സ്വന്തമാക്കിയത്.
48,000 ചതുരശ്ര അടി വിസ്തൃതിയുള്ള നൗകയിൽ രണ്ട് ഹെലിപ്പാടുകൾ, ഒരു സബ്മറൈൻ ഡോക്ക്, അണ്ടർവാട്ടർ വ്യൂവിംഗ് റൂം, സിനിമാ തിയേറ്റർ തുടങ്ങി സൗകര്യങ്ങളുണ്ട്. ഇതൊന്നും കൂടാതെ കോടികൾ വിലമതിക്കുന്ന ആഡംബര ബംഗ്ലാവുകൾ ഫ്രാൻസിൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൽമാൻ സ്വന്തമാക്കിയിട്ടുണ്ട്. സൗദിയിലെ സൽമാൻ രാജാവിന്റെ 8ാമത്തെ മകനാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ചെറുപ്പത്തിൽ തന്നെ സ്കൂബാ ഡൈവിംഗ്, ഫാസ്റ്റ് ഫുഡ്, വീഡിയോ ഗെയിം എന്നിവയിൽ തത്പരനായിരുന്നു സൽമാൻ രാജകുമാരൻ. മറ്റുള്ള സഹോദരങ്ങളെ പോലെ സൽമാൻ വിദേശത്ത് പോയി പഠിച്ചില്ല. അദ്ദേഹം സൗദി അറേബ്യയിൽ തന്നെയാണ് തുടർന്നത്. രാജകുടുംബത്തിന്റെ എതിരാളികളെ പറ്റി സൽമാൻ ആഴത്തിൽ പഠിച്ചു.
പ്രഭുക്കന്മാരെയും ബിസിനസുകാരെയും ആശ്രയിക്കാതെ സ്വന്തമായി സമ്പത്ത് കെട്ടിപടുക്കണമെന്ന് സൽമാൻ ആഗ്രഹിച്ചു. അങ്ങനെയാണ് ബിസിനസ്മാൻ എന്ന ലേബലിലേക്ക് സൽമാൻ വളരാൻ തുടങ്ങിയത്. 15ാം വയസിൽ തനിക്ക് ഒരു സംരംഭം തുടങ്ങണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു സൽമാൻ ബിസിനസ് ലോകത്തേക്ക് ചുവടുവച്ചത്. സൽമാന്റെ പിതാവ് അന്ന് അത് ചിരിച്ചു തള്ളിയെങ്കിലും 16ാം വയസിൽ തന്റെ കുടുംബം തനിക്ക് സമ്മാനമായി നൽകിയ ആഡംബര വാച്ചുകളും സ്വർണ നാണയങ്ങളും മറ്റും വില്പന നടത്തി സൽമാൻ സ്വരൂപിച്ചത് ഒരു ലക്ഷം ഡോളറാണ്. ! തുടർന്ന് സ്റ്റോക്ക് മാർക്കറ്റിലേക്ക് സൽമാൻ തിരിഞ്ഞു.
ഒട്ടും വൈകാതെ സൽമാൻ സ്വന്തം കമ്പനികൾ സ്ഥാപിച്ചു. ബിസിനസും സമ്പത്തും വളർത്തുന്നതിന് സൽമാൻ കാണിച്ച ആവേശത്തോടൊപ്പം അദ്ദേഹത്തിന്റെ സ്വാർത്ഥതയും വർദ്ധിച്ചു. താൻ ആവശ്യപ്പെട്ട ഭൂമിയുടെ ഉടമസ്ഥാവകാശം നൽകാൻ വിസമ്മതിച്ച ഒരു ഉദ്യോഗസ്ഥന് ഒരു 'ബുള്ളറ്റ്' അയച്ചുകൊടുത്ത ചരിത്രവും സൽമാനുണ്ടത്രെ. അതോടെ ' ഫാദർ ഒഫ് ദ ബുള്ളറ്റ് ' എന്ന അപരനാമവും അദ്ദേഹത്തിന് ലഭിച്ചു. അതേ സമയം, സൗദിയുടെ ഭരണാധികാരി എന്ന നിലയിൽ സൽമാൻ രാജകുമാരൻ ജനപ്രിയനാണ്. 2017ൽ സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള ഉത്തരവ് ഉൾപ്പെടെ ഒട്ടേറെ സുപ്രധാന പരിഷ്കാരങ്ങൾക്ക് പിന്നിൽ സൽമാൻ ആയിരുന്നു. രാജ്യത്തെ യുവാക്കൾക്കിടെയിലും സൽമാന് ശക്തമായ സ്വാധീനം ചെലുത്താൻ സാധിച്ചു. ഇതുവരെ രാജാവ് എന്ന പദത്തിലെത്തിയില്ലെങ്കിലും ആഡംബരത്തിന്റെ രാജാവായ സൽമാൻ ഭാവിയിൽ സൗദിയുടെ രാജാവ് എന്ന പദത്തിലേറുമെന്നാണ് വിമർശകർ ഉൾപ്പെടെ പ്രതീക്ഷിക്കുന്നത്.