തിരുവനന്തപുരം: എസ്.എം.വി സ്കൂളിന്റെ കളിസ്ഥലമായ തമ്പാനൂരിലെ മാഞ്ഞാലിക്കുളം ഗ്രൗണ്ട് മുഖച്ഛായ മാറി സുന്ദര മൈതാനമായി മാറുന്നു. കഴിഞ്ഞ രണ്ട് വർഷമായി നടക്കുന്ന ഗ്രൗണ്ട് പുനരുദ്ധാരണം ജനുവരിയോടെ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് നഗരസഭ.
മൂന്ന് ഘട്ടങ്ങൾ, 96 ലക്ഷം
ആകെ മൂന്ന് ഘട്ടങ്ങളായാണ് ഗ്രൗണ്ടിന്റെ നവീകരണം. 96 ലക്ഷമാണ് പദ്ധതിത്തുക. രണ്ട് കരാറുകൾ ഇതിനായി നൽകിയിട്ടുണ്ട്. 2018ൽ 26 ലക്ഷം രൂപ ചെലവിട്ടാണ് ആദ്യഘട്ടം നടപ്പാക്കിയത്. രണ്ടാം ഘട്ടത്തിൽ 20 ലക്ഷമാണ് ചെലവിട്ടത്. 2018-19 കാലത്തായിരുന്നു ഇത്. ഈ രണ്ട് കരാറുകളും ചേർത്ത് ഒന്നാക്കിയാണ് നവീകരണം പകുതി പൂർത്തിയാക്കിയത്. അവസാനഘട്ടത്തിൽ 50 ലക്ഷം രൂപയാണ് ചെലവിടുക.
വെള്ളം വെള്ളം സർവത്ര
മഴ പെയ്താൽ നഗരം വെള്ളത്തിൽ മുങ്ങുമ്പോൾ മാഞ്ഞാലിക്കുളം ഗ്രൗണ്ടിലും വെള്ളം കയറുന്ന സ്ഥിതിയാണ് നിലവിൽ. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതികളുടെ ഭാഗമായി മാഞ്ഞാലിക്കുളം ഗ്രൗണ്ടിൽ മഴവെള്ളം സംഭരിക്കുന്നതിനുള്ള സംവിധാനങ്ങൾ അവസാന ഘട്ടത്തിൽ ഒരുക്കും. ഗ്രൗണ്ടിൽ മഴവെള്ളം ശേഖരിക്കാനുള്ള സംവിധാനം പൂർണമാകുന്നതോടെ തമ്പാനൂർ, എസ്.എസ് കോവിൽ റോഡിൽ വെള്ളക്കെട്ടുണ്ടാകില്ല. ഗ്രൗണ്ട് താഴ്ന്നും പ്രദേശം ഉയർന്നും സ്ഥിതി ചെയ്യുന്നതിനാൽ ഗ്രൗണ്ട് മണ്ണിട്ട് ഉയർത്തുന്നത് പ്രായോഗികമല്ല. എസ്.എസ് കോവിൽ റോഡിന് എതിർവശത്തു കൂടിയുള്ള ഇടവഴി അവസാനിക്കുന്നിടത്തെ തോട്ടിലൂടെയാണ് മാഞ്ഞാലിക്കുളത്ത് നിന്നുവരുന്ന വെള്ളം ഓടയിൽ എത്തിയിരുന്നത്. ഈ ഓട മൂടിപ്പോയതിനാലാണ് ഗ്രൗണ്ടിനകത്ത് തന്നെ മഴവെള്ളം സംഭരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
ഗേറ്റ് സ്ഥാപിച്ചു, വേലി കെട്ടി
ഗ്രൗണ്ടിൽ മാലിന്യം തള്ളലും സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമാണ്. മതിലിന്റെ ഉയരം കാരണം രാത്രി പട്രോളിംഗ് നടത്തുന്ന പൊലീസ് സംഘത്തിനും ഗ്രൗണ്ടിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ കഴിയുമായിരുന്നില്ല. എന്നാൽ മതിലിന്റെ ഉയരം കുറച്ച ശേഷം വേലി കെട്ടിയതോടെ പ്രശ്നത്തിന് പരിഹാരമായി. രാത്രികാലങ്ങളിൽ മതിൽ ചാടിക്കടന്ന് മാലിന്യം തള്ളുന്നത് രൂക്ഷമായതോടെയാണ് നഗരസഭ വേലി കൂടി കെട്ടാൻ തീരുമാനിച്ചത്. വേലി കെട്ടി സംരക്ഷണമൊരുക്കിയതോടെ മാലിന്യം തള്ളാൻ കഴിയാത്ത നിലയാകും. ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് ഗേറ്റും ആർച്ചും സ്ഥാപിച്ച് സുരക്ഷിതത്വവും ഉറപ്പാക്കി.
വരുന്നു പാർക്കും വിശ്രമകേന്ദ്രവും
ഗ്രൗണ്ടിന് ചുറ്റുമുള്ള നടപ്പാത ഇന്റർലോക്ക് പാകി കാൽനടയ്ക്ക് യോഗ്യമാക്കിയിട്ടുണ്ട്. രാവിലെയും വൈകിട്ടും വ്യായാമത്തിനായി ഈ പാത ഉപയോഗിക്കാനാകും. ജോഗിംഗ് പാർക്ക്, ഇൻഡോർ സ്റ്റേഡിയം ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ജോഗിംഗിനെത്തുന്നവർക്ക് അതിനുശേഷം വിശ്രമിക്കാനായുള്ള ഇരിപ്പിടങ്ങളും കുട്ടികൾക്ക് കളിക്കുന്നതിനായുള്ള പാർക്കും നിർമ്മിക്കും. അടുത്തഘട്ട നവീകരണ നിർമ്മാണ പ്രവർത്തനങ്ങളിൽ ഇതിനാണ് മുൻഗണനയെന്ന് കൗൺസിലർ എം.വി.ജയലക്ഷ്‌മി പറഞ്ഞു.
കാമറകൾ വരും
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം ഗ്രൗണ്ടിൽ മാലിന്യങ്ങൾ തടയുന്നതിനും സാമൂഹ്യവിരുദ്ധ ശല്യം തടയുന്നതിനുമായി കാമറകൾ സ്ഥാപിക്കുന്നതും പരിഗണനയിലാണ്. സ്‌മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി കാമറകൾ സ്ഥാപിക്കാനാണ് തീരുമാനം.