തിരുവനന്തപുരം: സമ്പർക്കവ്യാപനം രൂക്ഷമായി തുടരുന്ന തലസ്ഥാന ജില്ലയിൽ പ്രാദേശിക വ്യാപന നിരക്കിൽ വൻ വർദ്ധന. 96.3 ശതമാനമാണ് നിലവിൽ ജില്ലയിലെ പ്രാദേശിക വ്യാപന നിരക്ക്. ഇതിൽ ഭൂരിഭാഗവും നഗരത്തിലാണെന്നതാണ് വസ്തുത. രണ്ടാഴ്ച മുമ്പ് 95 ശതമാനത്തിന് താഴെയായിരുന്നു വ്യാപന നിരക്ക്.
ജില്ലയിൽ ഇന്നലെ വരെയുള്ള രോഗികളിൽ 15,682 പേർക്കും കൊവിഡ് ബാധിച്ചത് പ്രാദേശിക സമ്പർക്കം വഴിയാണ്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയവേ രോഗം ബാധിച്ചവരും ഉറവിടം അറിയാത്തവരും ഈ പട്ടികയിൽ പെടും.
ഇന്നലെ 317 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 273 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇപ്പോഴും സമ്പർക്ക രോഗബാധ നിയന്ത്രണത്തിൽ അല്ലെന്നതാണ് ഓരോ ദിവസത്തേയും കണക്കുകൾ വ്യക്തമാക്കുന്നത്. ജില്ലയിലെ ടി.പി.ആർ കുറയ്ക്കുന്നതിന് ആരോഗ്യവകുപ്പിന് മുന്നിൽ ഇപ്പോൾ വെല്ലുവിളിയായി നിലനിൽക്കുന്നത് സമ്പർക്ക രോഗവ്യാപനം തന്നെയാണ്.
അതേസമയം , നഗരമേഖലയിൽ കഴിഞ്ഞ മാസത്തെ അവസാനത്തെ ആഴ്ചയിൽ ക്ളസ്റ്ററുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആർ) 1.17 ശതമാനമായി. ഗ്രാമീണ മേഖലയിൽ ഇത് 4.74 ശതമാനമാണ്. 9.2 ശതമാനമാണ് തിരുവനന്തപുരത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഇത് അഞ്ച് ശതമാനമാക്കി കുറയ്ക്കണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. കൊവിഡ് പരിശോധനകളുടെ ക്ഷമതയുടെ സൂചകമാണ് ടി.പി.ആർ. പരിശോധനകൾ കുറയുന്നതോടെ രോഗം ശക്തിയായി വ്യാപിക്കാൻ ഇടയാക്കും. ടി.പി.ആറിലൂടെയാണ് കൊവിഡിന്റെ വ്യാപനത്തോതും വിലയിരുത്തുന്നത്. ടി.പി.ആർ അഞ്ച് ശതമാനമായി നിൽക്കുന്നതാണ് ഉചിതമെന്ന് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളിൽ പറയുന്നുണ്ട്. എന്നാൽ 10 ശതമാനത്തിൽ കൂടാനും പാടില്ല. 14 ദിവസം ടി.പി.ആർ അഞ്ച് ശതമാനമായി നിലനിറുത്താനായാൽ മികച്ച രീതിയിൽ പരിശോധനകൾ നടക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.