സ്റ്റോക്ക്ഹോം: കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് സ്വീഡനിൽ മാതാപിതാക്കൾ പൂട്ടിയിട്ട മൂന്ന് കുട്ടികളെ മോചിപ്പിച്ചു. പത്ത് മുതൽ 17 വയസ് വരെയുള്ള മൂന്ന് കുട്ടികളെയാണ് മാർച്ച് മുതൽ നാല് മാസത്തോളം അപ്പാർട്ട്മെന്റിൽ മാതാപിതാക്കൾ അടച്ചിട്ടത്.
കുട്ടികളെ പരസ്പരം കാണാനും അനുവദിച്ചിരുന്നില്ല. ഓരോരുത്തരെയും അവരുടെ റൂമുകളിലാക്കി അവിടേക്ക് ഭക്ഷണം നൽകുകയായിരുന്നു പതിവെന്ന് തെക്കൻ സ്വീഡനിലെ ജോങ്കോപിംഗ് അഡ്മിനിസ്ട്രേറ്റീവ് കോടതി പറഞ്ഞു. കൂടാതെ വീടിന്റെ വാതിലും അടച്ചിട്ടിരുന്നതിനാൽ ആർക്കും പുറത്തിറങ്ങാനും സാധിച്ചിരുന്നില്ല.
മറ്റു യുറോപ്യൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായ സ്വീഡൻ കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. കൂടാതെ 16 വയസിന് താഴെയുള്ള കുട്ടികൾക്കായി സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുകയും ചെയ്തിരുന്നു.
ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകത്തിൽ ഏറ്റവും ഉയർന്ന കൊവിഡ് മരണ നിരക്കാണ് സ്വീഡനിൽ. ഓരോ പത്ത് ലക്ഷത്തിനും 575 കൊവിഡ് മരണമെന്ന അനുപാതത്തിലാണ് സ്വീഡനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.