ന്യൂഡൽഹി: 2019 ഏകദിന ലോകകപ്പിന് ശേഷം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യക്കായി കളിച്ചിരുന്നില്ല. 2020 ആഗസ്റ്റ് 15ന് താരം ക്രിക്കറ്റില്‍ നിന്ന് വിരമിക്കലും പ്രഖ്യാപിച്ചു. യു.എ.ഇയില്‍ നടക്കുന്ന ഐ.പി.എല്ലില്‍ ധോണിയുടെ കളി കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. നിലവില്‍ യു.എ.ഇയില്‍ ചെന്നൈ ടീമിനൊപ്പം പരിശീലനത്തിലാണ് ധോണി.
ചെന്നൈ ക്യാമ്പിലുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചതും സുരേഷ് റെയ്‌ന ഐ.പി.എല്‍ ഉപേക്ഷിച്ചതും ധോണിയെ വിഷമത്തിലാക്കിയിരുന്നു. ഇപ്പോഴിതാ ഇന്ത്യയില്‍ പബ്ജി നിരോധിച്ചത് ധോണിയുടെ വിഷമം വർദ്ധിപ്പിച്ചു എന്നാണ് ആരാധകർ പറയുന്നത്.
സാധാരണക്കാരെ പോലെ തന്നെ ഇന്ത്യയിലെ നിരവധി സെലബ്രിറ്റികളും പബ്ജി ആരാധകരാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പബ്ജി പ്രേമം എല്ലാവര്‍ക്കും അറിയുന്നതാണ്. യാത്രകളിലും ഒഴിവുവേളകളിലുമൊക്കെ ധോണി പബ്ജി കളിക്കുന്ന നിരവധി ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യയെ പോലുള്ള ചില താരങ്ങളും പബ്ജിയുടെ ആരാധകരാണ്.
പബ്ജി നിരോധിച്ച് ഇന്ത്യ
ചൊവ്വാഴ്ചയാണ് ചൈനീസ് ഗെയിമിംഗ് ആപ്പായ പബ്ജി ഇന്ത്യയില്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നത്. പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്. അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതോടെയാണ് തീരുമാനം. ആപ്പുകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. നേരത്തെ ടിക് ടോക്, ഹലോ തുടങ്ങിയ ചൈനീസ് ആപ്പുകളും ഇന്ത്യ നിരോധിച്ചിരുന്നു.