തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് നിയന്ത്രണത്തെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് കുത്തനെ കുറഞ്ഞിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ മെല്ലെ പിൻവലിച്ചതും കുറ്റകൃത്യങ്ങളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കേണ്ട പൊലീസിന് ഏതാണ്ട് പൂർണമായും ശ്രദ്ധ കൊവിഡ് പ്രതിരോധത്തിന് നൽകേണ്ടി വരുന്നത് ഇതിന് ഒരു കാരണമാണ്. മദ്യലഹരിയിലും കുടുംബ പ്രശ്നങ്ങളുമാണ് മറ്റ് കാരണങ്ങൾ. കുട്ടികളടക്കം അരഡസനോളം പേരാണ് ഇത്തരം കാരണങ്ങളാൽ കഴിഞ്ഞ ദിവസങ്ങളിൽ പലസ്ഥലങ്ങളിലായി അരുംകൊലയ്ക്ക് ഇരയായത്. ഇതിനുപുറമേയാണ് രാഷ്ട്രീയ സംഘട്ടനങ്ങൾ. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കഴിഞ്ഞ ദിവസമുണ്ടായ രാഷ്ട്രീയ കൊലപാതകത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ രണ്ടുപേരുടെ ജീവൻ പൊലിഞ്ഞിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദമായി കേരളത്തിൽ ഉയരുകയും ചെയ്തു. തുടർന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിലായി അക്രമം ഇപ്പോഴും തുടരുകയാണ്. കുറച്ച്നാൾ മുൻപ് കായംകുളത്തും സി.പി.എം പ്രവർത്തകൻ കൊല ചെയ്യപ്പെട്ടിരുന്നു.
കഞ്ചാവ് വിൽപ്പനയെ എതിർത്തതാണ് കായംകുളത്ത് സി.പി.എം പ്രവർത്തകന്റെ മരണത്തിന് കാരണമായത്. വൈദ്യൻവീട്ടിൽ തറയിൽ സിയാദ് (35) ഇങ്ങനെ മരണമടഞ്ഞു.ആഗസ്റ്റ് 18ന് രാത്രി പത്തോടെ എം.എസ്.എം സ്കൂളിന് സമീപത്തായിരുന്നു സംഭവം.കേസിലെ ഒന്നാം പ്രതിയും കഞ്ചാവ് വിൽപ്പനക്കാരനുമായ എരുവ സക്കീന മൻസിലിൽ വെറ്റ മുജീബിന് (39) സിയാദിനോടുള്ള വിദ്വേഷമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. കേസിലെ രണ്ടാം പ്രതി എരുവ സ്വദേശി വിളക്ക് ഷഫീഖ് (26), സിയാദിന്റെ സുഹൃത്ത് റജീഷിനെ (34) അക്രമിച്ച എരുവ ചെറുകാവിൽ വിഠോബ ഫൈസൽ (32), കോൺഗ്രസ് നഗരസഭാ കൗൺസിലർ കാവിൽ നിസാം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ സ്കൂൾ കുട്ടികൾക്ക് ഉൾപ്പടെ കഞ്ചാവ് വിൽപന നടത്തിയതിനെ സിയാദ് എതിർത്തതാണ് വിരോധത്തിന് കാരണമായത്.
കുടുംബപ്രശ്നമാണ് തിരുവല്ലയിൽ വീട്ടമ്മ ഭർത്താവിനെ കൊലപ്പെടുത്താൻ കാരണമായത്. കുടുംബപ്രശ്നങ്ങളെ തുടർന്നുളള പ്രകോപനത്താൽ തിരുവല്ലയിൽ ഗൃഹനാഥനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ വീട്ടമ്മയെ പ്രേരിപ്പിച്ചത്. തിരുവല്ല വള്ളംകുളം സ്വദേശി സോമനെ (65) ഭാര്യ ആഗസ്റ്റ് 24നാണ് വീട്ടിൽ ഉറങ്ങികിടക്കുമ്പോൾ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ സോമൻ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞു. സംഭവത്തിൽ സോമന്റെ ഭാര്യ രാധാമണിയെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരത്ത് മാറനല്ലൂരിലും കുടുംബ പ്രശ്നങ്ങളാണ് വില്ലനായത്. വ്യവസായ വകുപ്പ് ജീവനക്കാരനായ സലീം
ഒമ്പത് വയസുകാരനായ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. മകൻ ആഷ്ലിനെ കിടപ്പ് മുറിയിലെ കട്ടിലിലും സലീമിനെ അടുക്കളക്ക് സമീപം തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. 3 വിവാഹങ്ങൾ കഴിച്ച സലീമിന്റെ ആദ്യ ബന്ധത്തിലെ മകനാണ് ആഷ്ലിൻ. രണ്ടാം വിവാഹത്തിലെ ഭാര്യയുമായി പിണങ്ങിയ സലീം രണ്ടാഴ്ച മുമ്പ് വിവാഹം കഴിച്ച യുവതിയും പിണങ്ങിപ്പോയിരുന്നു. ഇതിന്റെ നിരാശയും മാനസിക പ്രശ്നങ്ങളുമാണ് ഇയാളെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
കുറ്റകൃത്യങ്ങളിൽ മദ്യവും ഒരു വില്ലനാണ്. ഓണനാളുകളിൽ കൊല്ലം ജില്ലയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ മൂന്ന് കൊലപാതകമുണ്ടായി. മദ്യമായിരുന്നു മൂന്നിലും വില്ലൻ.തേവലക്കരയിൽ അരിനല്ലൂർ വിളയിൽതെക്കതിൽ രാജേന്ദ്രൻപിള്ളയെ (57) ആളുമാറി അരിനല്ലൂർ വെളിച്ചപ്പാടത്ത് കിഴക്കതിൽ രവീന്ദ്രൻ (54)വെട്ടിക്കൊലപ്പെടുത്തി. തിരുവോണദിവസം രാത്രി ഏഴിന് തേവലക്കര ആറാട്ടുകുളത്തിനു കിഴക്ക് റോഡരികിലുള്ള തെങ്ങിൻ ചുവട്ടിലാണ് മൃതദേഹം കണ്ടത്. കുടിപ്പകയുള്ള ആളെന്ന് കരുതി മരംകയറ്റ തൊഴിലാളിയായ രവീന്ദ്രൻ മദ്യലഹരിയിൽ പതിയിരുന്ന് നടത്തിയ ആക്രമണത്തിൽ കഴുത്തിന് വെട്ടേറ്റാണ് രാജേന്ദ്രൻപിള്ള കൊല്ലപ്പെട്ടത്.
വാളകംത്ത് വാലിക്കോട്ട് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിലാണ് വെള്ളറട മേലേക്കര പുത്തൻവീട്ടിൽ ഉണ്ണിക്കൃഷ്ണൻ (52)കൊല്ലപ്പെട്ടത്. സുഹൃത്ത് പത്തനാപുരം തലവൂർ ലക്ഷംവീട്ടിൽ ജോസാണ് (40) ഇയാളെ കൊലപ്പെടുത്തിയത്. ഉണ്ണിക്കൃഷ്ണനും ജോസും വാളകം സ്വദേശി കുഞ്ഞപ്പന്റെ വീട്ടിൽ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയും ഉണ്ണിക്കൃഷ്ണന്റെ നെഞ്ചിൽ ജോസ് കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. കഴുത്തിൽ കയർ കുരുക്കിയും ഇയാൾ മരണം ഉറപ്പാക്കി.
മുണ്ടയ്ക്കലിൽ വീടിന് മുന്നിൽ ബൈക്ക് നിർത്തിയത് ചോദ്യം ചെയ്ത ഗൃഹനാഥനാണ് മദ്യലഹരിയിലായിരുന്ന യുവാവിന്റെ
ക്രൂരതയ്ക്കിരയായത്. മുണ്ടയ്ക്കൽ വെസ്റ്റ് ഉദയമാർത്താണ്ഡപുരം തിരുവാതിര നഗർ –64 പുതുവൽ പുരയിടത്തിൽ ശിവപ്രസാദാണ് (60) കൊല്ലപ്പെട്ടത്. തിരുവാതിര നഗർ –81 പുതുവൽ പുരയിടത്തിൽ നിക്സണാണ് (20) കേസിലെ പ്രതി. തിരുവോണ
ദിവസം രാത്രി ഏഴിന് നിക്സൺ അമിതവേഗത്തിൽ ബൈക്ക് ഓടിച്ചുവന്ന് ശിവപ്രസാദിന്റെ വീടിന്റെ മുന്നിൽ നിർത്തി. ഇത് ചോദ്യംചെയ്ത ശിവപ്രസാദിനെ പ്രതി അസഭ്യം വിളിക്കുകയും അടിച്ചുവീഴ്ത്തി കൊലപ്പെടുത്തുകയുമായിരുന്നു.