ന്യൂയോർക്ക് : താൻ ഉൾപ്പെടെ തന്റെ കുടുംബത്തിലെ എല്ലാവർക്കും കൊവിഡ് പോസിറ്റീവ് ആയതായി ഡബ്ല്യു .ഡബ്ല്യു .ഇ മുൻ താരവും നടനുമായ ഡ്വെയ്ൻ ' ദ റോക്ക് ' ജോൺസൺ. ഭാര്യ ലോറെൻ ഹാഷിയൻ ( 35 ), മക്കളായ ടിയാന ( 2 ), ജാസ്മിൻ ( 4 ) എന്നിവർക്കും തനിക്കും കൊവിഡ് ബാധിച്ചിരുന്നു എന്ന കാര്യം കഴിഞ്ഞ ദിവസം ഇൻസ്‌റ്റഗ്രാം വീഡിയോയിലൂടെയാണ് 48 കാരനായ റോക്ക് വെളിപ്പെടുത്തിയത്.
രണ്ടര ആഴ്ച മുമ്പാണ് റോക്കിനും കുടുംബത്തിനും കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയത്. നേരിയ രോഗലക്ഷണങ്ങൾ മാത്രമേ ഇവർക്കുണ്ടായിരുന്നുള്ളു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തങ്ങൾക്ക് രോഗം ഭേദമായെന്നും റോക്ക് അറിയിച്ചു. തന്റെ കുടുംബം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിൽ ഒന്നായിരുന്നു കൊവിഡ് 19 എന്നും റോക്ക് പറഞ്ഞു. വൈറസ് ബാധ തടയാൻ എല്ലാവരും കടുത്ത ജാഗ്രത പുലർത്തണമെന്നും റോക്ക് വീഡിയോയിലൂടെ തന്റെ ആരാധകരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസമാണ് ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടികയിൽ റോക്ക് ഒന്നാം സ്ഥാനത്തെത്തിയത്.