റി​യോ ഡി​ ജനീറോ : ബ്രസീലിലെ വനിതാ ഫുട്ബോൾ താരങ്ങൾക്ക് ഇനി​ പുരുഷ താരങ്ങളുടെ അതേ വേതനം ലഭിക്കും. വേതനത്തി​ൽ മാത്രമല്ല തുല്യത, ഇരുടീമുകൾക്കും ഒരേ സൗകര്യവും ഒരേ സമ്മാനങ്ങളും ഉറപ്പാക്കുമെന്നും ബ്രസീൽ ഫുട്ബോൾ കോൺ​ഫെഡറേഷൻ വ്യക്തമാക്കി.

മത്സരചിത്രങ്ങൾക്ക് തുല്ല്യമായ കോപ്പി​റൈറ്റ് അവകാശം നൽകും. ടീമിന്റെ യാത്രയും ഹോട്ടൽ റൂം സൗകര്യവുമെല്ലാം ഒരുപോലെ ആയിരിക്കും.കഴിഞ്ഞ മാർച്ച് മുതൽ തുല്ല്യവേതനം നിലവിൽ വന്നുവെന്നും ഫെഡറേഷൻ പ്രസിഡന്റ് റൊസേരിയോ കബൊക്ലൊ വ്യക്തമാക്കി. ഇതോടെ നെയ്മറിനും ഗബ്രിയേൽ ജീസസിനും റോബർട്ടോ ഫിർമിനോയ്ക്കുമെല്ലാം ലഭിക്കുന്ന അതേ വേതനം മാർത്തയ്ക്കും ഫോർമിഗയ്ക്കും ലെറ്റിസിയ സാന്റോസിനും ലഭിക്കും.

ഫുട്ബോൾ ഫെഡറേഷന്റെ വരുമാനത്തിൽ നിന്നാണ് ഇരുടീമുകൾക്കും വേതനം പങ്കിട്ടുനൽകുക. നേരത്തെ ന്യൂസി​ലാൻഡ്, നോർവേ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ദേശീയ ടീമുകൾക്ക് തുല്ല്യവേതനം നടപ്പിലാക്കിയിരുന്നു.