mackenzie-scott

ലോസ്ആഞ്ചലസ് : ലോകത്തെ ഏറ്റവും സമ്പന്നയായ വനിതയായി മാറി മക്കെൻസി സ്കോട്ട്. ഓഗസ്‌റ്റ് 31ന് ബ്ലൂംബെർഗ് പുറത്തുവിട്ട കണക്ക് പ്രകാരമാണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസിന്റെ മുൻ ഭാര്യയും എഴുത്തുകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ മക്കെൻസി സ്കോട്ട് ലോകത്തെ ഏറ്റവും സമ്പന്നരായ സ്ത്രീകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. 68 ബില്യൺ ഡോളറാണ് സ്കോട്ടിന്റെ ഇപ്പോഴത്തെ ആസ്തി. കഴിഞ്ഞ വർഷത്തേക്കാൾ 30.3 ബില്യൺ ഡോളറിന്റെ ആസ്തി മൂല്യമാണ് മക്കെൻസിയ്ക്ക് വർദ്ധിച്ചിരിക്കുന്നത്.

ലോറിയൽ മേധാവി ഫ്രാങ്കോയിസ് ബെറ്റൻകോട്ട് മേയേഴ്സസിനെയാണ് മക്കെൻസി മറികടന്നിരിക്കുന്നത്. ഫ്രഞ്ചുകാരിയായ ഫ്രാങ്കോയിസ് 66.3 ബില്യൺ ഡോളർ ആസ്തിയുമായി ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വർഷമാണ് മക്കെൻസിയും ജെഫ് ബെസോസും വിവാഹമോചിതരായത്. 25 വർഷത്തെ ദാമ്പത്യ ജീവിതം ലോകത്തെ ഏറ്റവും വലിയ ഡിവോഴ്സ് സെറ്റിൽമെന്റ് കരാർ പ്രകാരം ഇരുവരും അവസാനിപ്പിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു. ആമസോണിൽ 25 ശതമാനം ഓഹരിയാണ് മക്കെൻസിയ്ക്കുള്ളത്. ആമസോണിന്റെ ഓഹരിയിലുണ്ടായ കുതിപ്പാണ് ഇപ്പോൾ മക്കെൻസിയെ ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരിയാക്കി മാറ്റിയിരിക്കുന്നത്. ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളിൽ 12ാം സ്ഥാനമാണ് മക്കെൻസിയ്ക്ക്.