ioc

അപകടം ശ്രീലങ്കൻ തീരത്ത്

കൊളംബോ: കുവൈറ്റിൽ നിന്ന് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തേക്ക് ക്രൂഡ് ഓയിലുമായി വരുകയായിരുന്ന കൂറ്റൻ എണ്ണക്കപ്പലിൽ വൻതീപിടിത്തം. 2,70,000 ടൺ ക്രൂഡ് ഓയിലാണ് ടാങ്കറിലുള്ളത്. ഇരുപതിലേറെ ജീവനക്കാർ അതിലുണ്ടെന്നാണ് സൂചന.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ക്രൂഡ് ഓയിൽ കൊണ്ടുവരാൻ ചാർട്ടർ ചെയ്തതാണ് ദി ന്യൂ ഡയമണ്ട് എന്ന കൂറ്റൻ ടാങ്കർ.

ശ്രീലങ്കയുടെ കിഴക്കൻ തീരത്തുനിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ടാങ്കർ. ശ്രീലങ്കൻ നേവിയുടെ രണ്ടു കപ്പലുകളും ഒരു വിമാനവും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് എത്തിയ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓയിൽ ടാങ്കർ ഹെലൻ എം ചിലരെ രക്ഷപ്പെടുത്തിയതായി സൂചനയുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ജീവനക്കാരെ രക്ഷപെടുത്തുകയാണ് പ്രധാനമെന്നും അതിനുള്ള ശ്രമം ശ്രീലങ്കൻ നാവികസേനയുടെ സഹായത്തോടെ തുടരുകയാണെന്നും ഇന്ത്യൻ നാവികസേന അറിയിച്ചു.

എണ്ണച്ചോർച്ച തടയാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ശ്രീലങ്കൻ നാവികസേനാ വക്താവ് കമാൻഡർ രഞ്ജിത് രാജപക്‌സെ അറിയിച്ചു.

കുവൈറ്റിലെ മിന അൽ അഹ് മന്ദിൽ നിന്ന് പുറപ്പെട്ട ടാങ്കറിൽ ഇന്നലെ രാവിലെ 7.45ഓടെയാണ് തീപിടിത്തമുണ്ടായത്.