തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് രോഗികളിൽ വർദ്ധനവ് ഉണ്ടായിട്ടും മരണ നിരക്ക് കുറയ്ക്കാനായത് ആസൂത്രിതമായ പ്രവർത്തനം കൊണ്ടാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. രോഗികളുടെ നിരക്കിൽ വൻവർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ച അത്ര വന്നിട്ടില്ലെന്നുളളത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനൊപ്പം മരണ നിരക്കും കൂടിയിരുന്നു. ജീവിത ശൈലീ രോഗികൾ ഏറ്റവും കൂടുതലുള്ള കേരളത്തിൽ കൊവിഡിനെ സംബന്ധിച്ച് മരണ നിരക്ക് വർദ്ധിക്കാനുള്ള സാഹചര്യവുമുണ്ടായിരുന്നു. എന്നാൽ സർക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയുമെല്ലാം കൂട്ടായ പരിശ്രമം കൊണ്ട് മരണ നിരക്ക് കുറയ്ക്കാൻ സാധിച്ചുവെന്നും കെ.കെ ശൈലജ പറഞ്ഞു.
മരണനിരക്ക് നിയന്ത്രിക്കാൻ സാധിച്ചുവെങ്കിലും ജാഗ്രത കൈവിടരുതെന്നും കെ.കെ ശൈലജ മുന്നറിയിപ്പ് നൽകി. നല്ല ആരോഗ്യമുള്ള മനുഷ്യരാണ് കേരളത്തിലുള്ളതെങ്കിലും ജീവിത ശൈലീ രോഗങ്ങളാണ് ഏറ്റവും വലിയ ഭീഷണിയെന്നും കെ.കെ ശൈലജ കൂട്ടിച്ചേർത്തു.