cm

തിരുവനന്തപുരം: മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയിലായിരിക്കെ സെപ്റ്റംബർ 9ന് മലയാള ഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട ഫയലില്‍ പിണറായി വിജയന്‍ ഒപ്പിട്ടുവെന്ന ബി.ജെ.പിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി. ഒപ്പ് വ്യാജമല്ലെന്നും തന്റേത് തന്നെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഫയലിൽ മാത്രമല്ല 39 ഫയലുകൾ ഒപ്പിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇ- ഒപ്പ് വഴിയാണ് ഒപ്പിട്ടതെന്നും ബി.ജെ.പിക്ക് കാര്യങ്ങൾ അറിയാത്തതിനാലാണ് ആരോപണം ഉയർത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിയമപരമായി തന്നെയാണ് ഫയലുകളിൽ ഡിജിറ്റൽ ഒപ്പിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഫീസില്‍ ഇല്ലാത്ത സമയത്ത് അദ്ദേഹത്തിന്റെ ഒപ്പ് വ്യാജമായി ഉപയോഗിച്ച് ഫയല്‍ പാസാക്കിയെന്നാണ് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നത്.2018 സെപ്റ്റംബര്‍ 2നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയില്‍ പോയത്. സെപ്റ്റംബര്‍ 23 നാണ് മുഖ്യമന്ത്രി തിരിച്ചു വരുന്നത്. എന്നാല്‍, സെപ്റ്റംബര്‍ ഒമ്പതിന് മലയാള ഭാഷാ വാരാഘോവുമായി ബന്ധപ്പെട്ട ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടുവെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചിരുന്നു.


സെപ്റ്റംബര്‍ മൂന്നിനാണ് ഈ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുന്നത്. ഒന്‍പതിന് മുഖ്യമന്ത്രി ഒപ്പിട്ട്, 13ന് ഫയല്‍ തിരിച്ചു പോയി. ഡിജിറ്റല്‍ ഒപ്പല്ല ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അപ്പോള്‍ ഇന്ത്യയില്‍ ഇല്ലാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഒപ്പിട്ടതാരാണെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. ബി.ജെ.പിയുടെ ആരോപണം സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.