facundo-pereira

തിരുവനന്തപുരം: കാൽപ്പന്തുകളിയുടെ ഈറ്രില്ലമായ അർജന്റീയിൽ നിന്ന് കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിജയ ജാതകം കുറിക്കാൻ ഫകുൻഡോ ഏബൽ പെരേരയെത്തുന്നു. ഇതിഹാസങ്ങളായ മറഡോണയേയും മെസിയേയും പോലെ ഇടംകാലിന്റെ മാന്ത്രികതകൊണ്ട് കളിയുടെ ഗതിമാറ്രാൻ കഴിവുള്ള താരമായ പെരേര അറ്റാക്കിംഗ് മിഡ്ഫീൽഡറായും വിംഗറായും സെക്കൻഡ് സ്‌ട്രൈക്കറായും മിന്നൽപ്പിണർ സൃഷ്ടിച്ചിട്ടുണ്ട്. റിക്വെൽമിയെപ്പോലെ കളിമെനയാനും വിദഗദ്ധനാണ് ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ താരം. സൈപ്രസ് ക്ലബായ അപ്പോളോൺ ലിമാസോളിൽ നിന്ന് ഒരു വർഷത്തെ കരാറിലാണ് പെരേര ബ്ലാസ്റ്റേഴ്സിലെത്തിയിരിക്കുന്നത്. കളിയുടെ മികവനുസരിച്ച് ഒരു വർഷത്തെക്ക് കൂടി കരാർ നീട്ടാനും വ്യവസ്ഥയുണ്ട്. മിലോസോളിൽ 2018ലെത്തിയ ഫകുൻഡോ അവർക്കായി 39 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടി.

ഹാപ്പി ബർത്ത് ഡേ

1987 സെപ്തംബർ 3ന് അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണേഴ്സ് അയേഴ്സിന്റെ വടക്ക് കിഴക്കുള്ള തുറമുഖ നഗരമായ സരാട്ടെയിലാണ് ഫകുൻഡോ പെരേരയുടെ ജനനം. 2006ൽ പത്തൊമ്പതാം വയസിൽ അമേച്വർ ടീമായ എസ്റ്റുഡിയന്റ്സ് ഡി ബ്യൂണസ് അയേഴ്സിലൂടെയാണ് പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. 2009 വരെ അവിടെ തുടർന്ന പെരേ‌യ്‌ര ലോണിൽ ചിലിയൻ ക്ലബായ പലസ്തീനോയിലേക്ക് പോവുകയും അവർക്കായി ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് അസിസ്റ്റുകളും ഒരു ഗോളും നേടി.

അനുഭവ സമ്പത്ത്

യൂറോപ്പ ലീഗും യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങളും കോപ്പ ലിബർട്ടഡോറസുമുൾപ്പെടെയുള്ള അന്താരാഷ്ട്ര ക്ലബ് ടൂർണമെന്റുകളിൽ മാത്രം മുപ്പതോളം കളികളുടെ അനുഭവ സമ്പത്തുള്ള പെരേര പ്രമുഖ അർജന്റീനൻ ക്ലബ് റേസിംഗ്, ഗ്രീക്ക് സൂപ്പർ ക്ലബ് പി.എ.ഒ.കെ എന്നിവർക്കെല്ലാം ബൂട്ട് കെട്ടിയിട്ടുണ്ട്. അർജന്റീന, ചിലി, മെക്സിക്കോ, ഗ്രീക്ക്, സൈപ്രസ്, അസർബൈജാൻ ലീഗുകളിലെല്ലാം മാറിമാറി മാറ്റുരച്ചിട്ടുണ്ട്. ചടുലമായ ആക്രമണ നീക്കങ്ങൾക്കും വിസ്മയ ഗോളുകൾക്കും പേരുകേട്ട പെരേര ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞജേഴ്സിയിലും കളിച്ചാടുമെന്നാണ് വിശ്വസിക്കുന്നത്.

ഒഗുബച്ചെയ്ക്ക് പകരമാകാൻ

കഴിഞ്ഞ സീസണിൽ ടീമിന്റെ ഗോളടിയന്ത്രമായിരുന്ന ബർത്തലോമ്യു ഒഗുബച്ചെ ടീം വിട്ടതിന്റെ വിടവ് നികത്താനും ടീമിൽ പുത്തൻ ഊർജ്ജം നിറയ്ക്കാനും പെരേരയ്‌ക്കാകുമെന്നാണ് വിലയിരുത്തൽ.

പെരേരയുടെ ബോക്സിലെ ചടുലതയും അനുഭ സമ്പത്തും കളിയഴകിന്റെ അർജന്റീനൻ ജീനും ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് കരുത്തകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.