ജയ്പൂര്‍: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം തുടരുകയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നുണ്ടെങ്കിലും മരണനിരക്ക് പിടിച്ച് നിര്‍ത്താന്‍ കഴിയാത്തതാണ് തിരിച്ചടിയാകുന്നത്. പത്ത് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ ദിനം പ്രതിയുള്ള കൊവിഡ് കേസുകള്‍ ഉയര്‍ന്ന നിലയിലാണ്. കൊവിഡ് ബാധ സംബന്ധിച്ച ആശങ്ക ശക്തമായി തുടരുന്നതിനിടെ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കൊവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവര്‍ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളാണ് ഏതൊക്കെയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഗവേഷകര്‍.
കൊവിഡ് മുക്തി നേടുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്നം ശ്വാസകോശ രോഗങ്ങളാണെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്. ചിലരില്‍ ഹൃദ്രോഗം രൂക്ഷമാകും. 85 ശതമാനം പേരിൽ ശാരീരിക പ്രശ്നങ്ങള്‍ അനുഭവപ്പെടുമെങ്കിലും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന പ്രത്യേക ലക്ഷണങ്ങള്‍ ഉണ്ടാകില്ല. 10 അല്ലെങ്കില്‍ 15 ശതമാനം പേരില്‍ നേരിയ തോതില്‍ പലവിധ രോഗങ്ങളുടെ ലക്ഷണങ്ങള്‍ പ്രകടമാകും. അഞ്ച് ശതമാനം പേരില്‍ ഐ.സി.യു പരിചരണം ആവശ്യമായി വരും. 1.4ശതമാനം പേരില്‍ മരണനിരക്ക് ഉയര്‍ന്ന തോതിലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊവിഡ് ബാധ ശാരീരികമായി കൂടുതല്‍ ബാധിക്കാത്ത ആളുകളില്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പ്രകടമാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളാകും ഇവരില്‍ കൂടുതല്‍. കൊവിഡ് ബാധയില്‍ നിന്ന് മുക്തി നേടിയ ചിലരില്‍ കൊവിഡ് ലക്ഷണങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടേക്കാം. ശ്വാസകോശങ്ങളെയാണ് കൊവിഡ് കൂടുതലായി ആക്രമിക്കുന്നത്. 78 ശതമാനം വരെ രോഗികളില്‍ ഹൃദയാഘാതം ഉണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൊവിഡ് മുക്തി നേടി മാസങ്ങള്‍ കഴിഞ്ഞാലും നെഞ്ചുവേദനയും ശ്വാസതടസവും ഉണ്ടായേക്കാം. ഇത് മൂലം പെട്ടെന്നുള്ള മരണം സംഭവിച്ചേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
കൊവിഡ് മുക്തി നേടിയാലും ഒന്നിലധികം അവയവങ്ങളെ രോഗാവസ്ഥ ബാധിച്ചേക്കാം. ശ്വാസകോശ - ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങൾ രൂക്ഷമാകും എന്ന് റിപ്പോർട്ടുണ്ട്. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് കൊവിഡ് ബാധിച്ചാലും അവര്‍ ഹൃദ്രോഗത്തിന് ചികിത്സ തുടരണം. അല്ലെങ്കില്‍ കൊവിഡിനെതിരെ നല്കുന്ന മരുന്ന് അവരുടെ ആരോഗ്യം മോശമാക്കാം. ശ്വാസകോശത്തിനാകും കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുക.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ കൊവിഡ് മുക്തി നേടിയാലും ശ്രദ്ധിക്കണം. ചികിത്സയില്‍ കഴിയുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. കൊവിഡ് ബാധ ശ്വാസകോശ രോഗികളിൽ അപകടം വര്‍ധിപ്പിക്കും. ശ്വാസകോശ രോഗങ്ങള്‍ ഹൃദയത്തെ ബാധിക്കുകയും ഗുരുതരമായ സാഹചര്യം ഉണ്ടാക്കുകയും ചെയ്യുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. മരണം വരെ സംഭവിക്കാവുന്ന സാഹചര്യങ്ങളാണ് ഇതെന്നും ഗവേഷകര്‍ പറയുന്നു.