തിരുവനന്തപുരം: സംസ്ഥാനത്ത് രോഗബാധ രൂക്ഷമായി തന്നെ നിലനിൽക്കുന്ന സാഹചര്യത്തി അടുത്ത രണ്ടാഴ്ചക്കാലം ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ഈ കാലയളവ് അങ്ങേയറ്റം നിര്ണായകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കൊവിഡിനൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് സർക്കാർ ഇളവുകൾ അനുവദിക്കുന്നതെന്നും എന്നാൽ അക്കാരണം കൊണ്ട് ഒരു നിയന്ത്രണവും വേണ്ട എന്ന് ആരും കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ വ്യക്തിപരമായ ജാഗ്രത പാലിക്കണമെന്നും എല്ലാം അടച്ചിട്ടുകൊണ്ട് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയോജനങ്ങളെ കരുതലോടെ പരിപാലിക്കണമെന്നും രോഗവ്യാപനം കൂടുകയാണെങ്കിൽ മരണനിരക്ക് ഉയരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കൊവിഡ് രോഗത്തിനെതിരെയുള്ള വാക്സിൻ വരുന്നതുവരെ 'ബ്രേക്ക് ദ ചെയിൻ' പോലെയുള്ള സോഷ്യൽ വാക്സിനുകളാണ് ആവശ്യമെന്നും അദ്ദേഹം പറയുന്നു.
ഓണം ക്ലസ്റ്റർ രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ഓണത്തിന് ചില പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ പാളി. സംസ്ഥാനത്ത് ക്വറന്റീൻ ലംഘനം കൂടുന്നതായി കാണുന്നുണ്ട്. മാസ്ക് ധരിക്കുന്ന കാര്യത്തിൽ വിമുഖത പാടില്ല. സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതി ആശ്വാസകരമല്ല. അവധി ദിവസങ്ങളിൽ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞതായും പോസിറ്റിവിറ്റി നിരക്ക് ഉയർന്നതാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Content Highlights:people-should-strictly-follow-covid-protocols-for-the-next-few-weeks-says-cm-pinarayi-vijayan