കോട്ടയം: ഇടപാടുകാർ നൽകുന്ന നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ, ഓഫറുകൾ, സമ്മാനങ്ങൾ. പലവിധ മോഹന വാഗ്ദാനംങ്ങളുടെ പെരുമഴ കണ്ട് തന്റെ ജീവിതമാകെ എല്ലുമുറിയെ പണിയെടുത്ത് കിട്ടിയ കാശ് കൂടുതൽ പലിശ കിട്ടുമെന്ന് കരുതി സാധാരണക്കാരൻ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിക്ഷേപിക്കാൻ തയാറാകും. പെൻഷൻ പറ്റിയ തുക, മകളുടെ വിവാഹത്തിന് മാറ്റിവച്ച പണം, വീടുവയ്ക്കാൻ കാത്തുവച്ച പണം അങ്ങനെയുളളവയെല്ലാം സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ നിക്ഷേപങ്ങളുടെ രൂപത്തിൽ മാറും.
പക്ഷേ, ഒരുനാൾ അതെല്ലാമായി സ്ഥാപനം ഉടമ സ്ഥലംവിടുമ്പോൾ തങ്ങളുടെ സമ്പാദ്യം തിരിച്ചു കിട്ടില്ലെന്നറിഞ്ഞ് ഇടപാടുകാർ ആകെ തകർന്നുപോകും. ആകെയുള്ള സമ്പാദ്യം വെള്ളത്തിൽ വരച്ച വരപോലെയായി തീരുമ്പോൾ പലരുടേയും ജീവിതം തന്നെ ചോദ്യചിഹ്നമായി മാറിയിരിക്കും. നിരവധി കുടുംബങ്ങൾ തന്നെ അങ്ങനെ തകർന്നിരിക്കുന്നു. നാട്ടുകാരുടെ പണം നിക്ഷേപമായി സ്വീകരിച്ച്, ഒടുവിൽ മുങ്ങിയ സ്ഥാപനങ്ങൾ കേരളത്തിൽ പുതുമയുള്ള കാര്യമല്ല. ജനങ്ങളുടെ വിശ്വാസം നേടിയെടുത്തശേഷമാണ് ഇവ നിക്ഷേപം സ്വീകരിക്കുന്നതും ഒടുവിൽ എല്ലാവരെയും പറ്റിച്ച് ലക്ഷങ്ങളും കോടികളുമൊക്കെയായി മുങ്ങുന്നതും. ഏറ്റവുമൊടുവിൽ പത്തനംതിട്ടയിലെ പോപ്പുലർ ഫൈനാൻസ് എന്ന സ്ഥാപനമാണ് ആ ഗണത്തിൽപെട്ടത്. ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എങ്കിലും തങ്ങൾ നിക്ഷേപിച്ച പണം തിരികെ കിട്ടുമോ എന്ന ആശങ്കയോടെ കാത്തിരിക്കുകയാണ് സ്ഥാപനത്തിലെ ഇടപാടുകാർ.
സംസ്ഥാനത്തെ കണക്കെടുത്താൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ സംഭവങ്ങൾ ഒട്ടേറെയുണ്ട്. കോട്ടയത്ത് കഴിഞ്ഞ അഞ്ചു
വർഷത്തിനിടെ തകർന്നത് 13 ധനകാര്യ സ്ഥാപനങ്ങളാണ്. ഇതിലൂടെ നിക്ഷേപകർക്കുണ്ടായത് കോടികളുടെ നഷ്ടവും.
മൂന്നുവർഷം മുമ്പാണ് കോട്ടയത്ത് കുന്നത്തുകളത്തിൽ എന്ന ധനകാര്യ സ്ഥാപനം സ്വർണക്കടയുടെ മറവിൽ ചിട്ടി തട്ടിപ്പ് നടത്തി മുങ്ങിയത്. തട്ടിച്ചെടുത്തത് 300 കോടി രൂപ. മക്കളെ വിവാഹം കഴിപ്പിച്ചയ്ക്കാൻ ചേർന്ന സ്വർണച്ചിട്ടിയും 13 ശതമാനം പലിശയ്ക്ക് വാങ്ങിയ ലക്ഷക്കണക്കിന് രൂപയുമാണ് ഉടമ അന്ന് തട്ടിച്ചെടുത്തുകൊണ്ട് മുങ്ങിയത്. ആയിരത്തിലധികം നിക്ഷേപകർക്കാണ് തുക നഷ്ടമായത്. കുന്നത്തുകളത്തിൽ ജൂവലറി തുറക്കാതായതോടെയാണ് തട്ടിപ്പിന്റെ കഥ പുറത്തായത്. ജൂവലറിയോടനുബന്ധിച്ചാണ് ധനകാര്യസ്ഥാപനം നടത്തിയിരുന്നത്.
കട പൂട്ടി ഉടമ മുങ്ങിയതോടെ നൂറുകണക്കിന് സ്ത്രീകളാണ് സ്ഥാപനത്തിന്റെ മുമ്പിൽ എത്തി കണ്ണീരൊഴുക്കിയത്. ഇതിന്റെ കേസന്വേഷണവും മറ്റും നടക്കുന്നതിനിടെ സ്ഥാപനത്തിന്റെ ഉടമ ജാമ്യത്തിലിറങ്ങി നഗരത്തിലെ ഒരു ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. വിയർപ്പൊഴുക്കി സമ്പാദിച്ച പണം എങ്ങനെയും തിരികെകിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഈ സ്ഥാപനത്തിലെ നിക്ഷേപകർ.
പുതുപ്പള്ളി, ചങ്ങനാശേരി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും ഇതേ രീതിയിൽ തട്ടിപ്പ് നടന്നിരുന്നു. 'ആപ്പിൾ ട്രീ' എന്ന പേരിലാണ് തട്ടിപ്പ് അരങ്ങേറിയത്. ആയിരം കോടിയിലധികമാണ് ഒന്നര വർഷംകൊണ്ട് ഇതിന്റെ ഉടമകൾ കൈക്കലാക്കി മുങ്ങിയത്. ഇതേ പേരിൽ ഫിനാൻഷ്യൽ കമ്പനികൾ സ്ഥാപിച്ചാണ് തട്ടിപ്പ് അരങ്ങേറിയത്. ഉടമ മുങ്ങി ഏഴു വർഷം കഴിഞ്ഞിട്ടും ഇതുവരെ നിക്ഷേപകർക്ക് നയാപ്പൈസ തിരികെ കിട്ടിയിട്ടില്ല. കൂടാതെ ചെറുതും വലുതുമായ പത്തോളം ധനകാര്യ സ്ഥാപനങ്ങളും തട്ടിപ്പ് നടത്തിയിട്ടുണ്ട്.