bineesh-kodiyeri

തിരുവനന്തപുരം: പിടിയിലാകുന്നതിന് രണ്ടുദിവസം മുൻപുവരെ ബംഗളൂരു മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയെ ഫോൺ വിളിച്ചതായി വിവരം. ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ ഒരു സ്വകാര്യ മലയാളം വാർത്താ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഓഗസ്റ്റ് 21നാണ് അനൂപ് മുഹമ്മദ് അറസ്റ്റിലാവുന്നത്.

എന്നാൽ ഇതിനു മുൻപായി ഓഗസ്റ്റ് 19ന് അഞ്ച് തവണ അനൂപ് ബിനീഷിനെ വിളിച്ചതായി ഫോൺ രേഖകൾ പറയുന്നു.മാത്രമല്ല, ഓഗസ്റ്റ് 13ന് എട്ട് മിനിറ്റിലേറെ ഇരുവരും സംസാരിച്ചിട്ടുമുണ്ട്. അനൂപിനെ തനിക്ക് അടുത്തറിയാമെന്നും ഇയാളുമായി വര്‍ഷങ്ങളായുള്ള സൗഹൃദമുണ്ടെന്ന് ബിനീഷ് നേരത്തെ പറഞ്ഞിരുന്നു.

അതോടൊപ്പം അനൂപ് ഈ കേസുമായി ബന്ധമുള്ള ആളാണെന്നത് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ബിനീഷ് പറഞ്ഞിരുന്നു. തനിക്കും സുഹൃത്തുക്കൾക്കും മാത്രമല്ല അനുപിന്റെ അച്ഛനും അമ്മയ്ക്കും പോലും ഈ വിവരം ഞെട്ടലാണ് ഉണ്ടാക്കിയതെന്നും ബിനീഷ് കോടിയേരി പറഞ്ഞിരുന്നു.

കേസുമായി ബന്ധപ്പെട്ട് ബംഗളുരുവിൽ പല പ്രദേശങ്ങളിലായി 47 പേർ ഇതിനോടകം ക്രൈം ബ്രാഞ്ചിന്റെ പിടിയിലായിട്ടുണ്ട്. കേന്ദ്ര ഏജന്‍സിയായ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ ബെംഗളൂരു സോണും, ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിക്കുന്നത്.

Content Highlights:anoop-had-contacted-bineesh-two-days-before-his-arrest-says-phone-records