തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സയിലായിരിക്കെ ഫയലിൽ വ്യാജ ഒപ്പിട്ടെന്ന ബി.ജെ.പിയുടെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്. ബി.ജെ.പിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടല്ലെന്നും അതിനാൽ അത്ഭുതപ്പെടാനില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. സെക്രട്ടേറിയറ്റിലെ പ്രവർത്തന രീതിയോ ഫയൽ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നോ ഒന്നും കേരളത്തിലെ ബി.ജെ.പിക്കാർക്ക് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
താൻ ആലപ്പുഴയിലോ ഓഫീസിനു പുറത്തോ ആയിരിക്കുമ്പോൾ ഫയലുകൾ ഇങ്ങനെ തന്നെയാണ് ഒപ്പിട്ടു നൽകാറുളളത്.ഇ ഫയലാണെങ്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കും. പേപ്പർ ഫയലാണെങ്കിൽ, സ്കാൻ ചെയ്ത് അയയ്ക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. തുടർന്ന് അത് പ്രിന്റ് ഔട്ട് എടുത്ത് ഒപ്പുവച്ച് സ്കാൻ ചെയ്ത് തിരിച്ചയയ്ക്കുമെന്നും ഓഫീസിൽ അത് പ്രിന്റെടുത്ത് ഫയലിൽ വയ്ക്കുമെന്നും അതാണ് കീഴ്‌വഴക്കമെന്നും മന്ത്രി വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക്ക് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. അതുകൊണ്ട് അതിൽ അത്ഭുതപ്പെടാനുമില്ല. സെക്രട്ടേറിയറ്റിലെ പ്രവർത്തന രീതിയോ ഫയൽ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നോ ഒന്നും അവർക്ക് അറിയില്ല. അതുകൊണ്ടാണല്ലോ 2018ൽ കെ സി ജോസഫ് പൊട്ടിച്ച ഉണ്ടയില്ലാ വെടി, അതുപോലെ വെയ്ക്കാൻ തോക്കുമായി ഇറങ്ങിയത്.ഞാനൊക്കെ ആലപ്പുഴയിലോ ഓഫീസിനു പുറത്തോ ഒക്കെ ആയിരിക്കുമ്പോഴും ഫയലുകൾ ഇങ്ങനെ തന്നെയാണ് ഒപ്പിട്ടു നൽകുന്നത്. ഇ ഫയലാണെങ്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കും. പേപ്പർ ഫയലാണെങ്കിൽ, സ്കാൻ ചെയ്ത് അയയ്ക്കും, അത് പ്രിന്റൗട്ട് എടുത്ത് ഒപ്പു വെച്ച് സ്കാൻ ചെയ്ത് തിരിച്ചയയ്ക്കും. ഓഫീസിൽ അത് പ്രിന്റെടുത്ത് ഫയലിലിടും. അതാണ് കീഴു്വഴക്കം. ഇതൊക്കെ ഞങ്ങളെല്ലാം ചെയ്യുന്നതാണ്.
ഈ കേസിൽ മലയാളം മിഷന്റെ ഒരു ഫയലാണല്ലോ തെളിവായി ഹാജരാക്കിയിരിക്കുന്നത്. ഇത് ഫിസിക്കൽ ഫയലായിരുന്നു. സ്കാൻ ചെയ്ത് അയച്ചു, ഒപ്പിട്ടു തിരിച്ചു വന്നത് കോപ്പിയെടുത്ത് ഫയലിലിട്ടു. ഇതാണ് വസ്തുത. അതും വെച്ചാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ അപരൻ എന്നൊക്കെ ആരോപിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്യാൻ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ ചർച്ച ചെയ്യാൻ പോകുന്നവരെ സമ്മതിക്കണം.വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ എന്തെല്ലാം അഭ്യാസങ്ങൾ.