അബുദാബി: യു.എ.ഇയില്‍ കൊവിഡിന്റെ രണ്ടാം വരവില്‍ രോഗികളുടെ എണ്ണത്തില്‍ കുതിച്ചു ചാട്ടം. വ്യാഴാഴ്ച മാത്രം പുതിയതായി 614 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസം പകരുന്ന കാര്യമാണ്. ഇന്ന് 639 പേർക്ക് രോഗമുക്തിയുണ്ടായിട്ടുണ്ട്.
പുതിയ രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ 68,000 പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു. ഇതോടെ 72 ലക്ഷം പരിശോധനകളാണ് ഇതുവരെ നടത്തിയിരിക്കുന്നത്. ബുധനാഴ്ചയും വലിയ തോതിലുള്ള കൊവിഡ് കണക്കുകളാണ് ഗള്‍ഫ് രാജ്യത്തു നിന്നും ഉയര്‍ന്ന് വന്നിരിക്കുന്നത്. കഴിഞ്ഞ 99 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
883 കേസുകള്‍ മെയ് 27 ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടു വരുമോ എന്ന ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം സ്‌കൂളുകള്‍ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മടങ്ങിയിരുന്നു.
പല സ്‌കൂളുകളും തുറന്ന് വിദ്യാര്‍ത്ഥികള്‍ എത്തുന്ന പശ്ചാത്തലത്തിലാണ് കൊവിഡിന്റെ രണ്ടാം തരംഗമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആറുമാസത്തിലധികം നീണ്ട അടച്ചുപൂട്ടലിന് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്നത്. പിന്നീട്, മൂന്ന് ദിവസത്തിന് ശേഷമാണ് ഇത്തരത്തില്‍ നടപടി സ്വീകരിക്കേണ്ടിവന്നത്.