ന്യൂഡൽഹി : ഈ ചിത്രത്തിൽ കാണുന്ന 13 വയസുള്ള കൊച്ചു കുട്ടി ആരാണെന്നറിയമോ ? നടനും സൂപ്പർ മോഡലുമായ മിലിന്ദ് സോമനാണ് ഈ കുട്ടി. തന്റെ ഇൻസ്‌റ്റഗ്രാമിൽ മിലിന്ദ് പങ്കുവച്ച ചിത്രങ്ങളിൽ ഒന്നാണിത്. ഇന്ത്യയിലെ ടോപ് സൂപ്പർ മോഡലായി മാറിയ മിലിന്ദ് സോമന് ഇന്ന് പ്രായം 54 ആയെങ്കിലും ഇന്ത്യയിലെ ഫിറ്റ്നസ് ഫ്രീക്കുകളുടെ ഗുരുവാണ് മിലിന്ദ്. തന്റെ ഫിറ്റ്നസിന്റെയും പ്രായത്തെ തോൽപ്പിക്കുന്ന ചർമത്തിനും ആരോഗ്യത്തിനുമെല്ലാം മിലിന്ദ് നന്ദി പറയുന്നത് ദിവസവും രണ്ട് തവണയുള്ള നീന്തലിനാണ്. കുട്ടിക്കാലത്ത് വീടിനടുത്തുള്ള മുൻസിപ്പൽ പൂളിലായിരുന്നു മിലിന്ദിന്റെ നീന്തൽ പരിശീലനം.
ചെറുപ്പം മുതൽ തന്നെ ഫിറ്റ്നസിൽ വളരെധികം ശ്രദ്ധിക്കുന്നയാളാണ് മിലിന്ദ്. മാരത്തൺ ഓട്ടങ്ങളിലും മിലിന്ദ് സജീവമാണ്. തന്റെ ഫിറ്റ്നസ് ടിപ്പുകളും വീഡിയോയും മിലിന്ദ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ആഴ്ചയിൽ ഏകദേശം 65 കിലോമീറ്ററാണ് മിലിന്ദ് നീന്തിയിരുന്നത്. അയൺമാൻ, അൾട്രാമാൻ മത്സരങ്ങൾക്കും പങ്കെടുക്കാൻ മിലിന്ദ് ആശ്രയിച്ചിരുന്ന പ്രധാന പരിശീലന കേന്ദ്രം സ്വിമ്മിംഗ് പൂളായിരുന്നു.
ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ ജിം തന്നെ വേണമെന്ന് പറയുന്നവരോട് മിലിന്ദ് പറയുന്നത് വീടുകളിൽ തന്നെ ബോഡിവെയ്റ്റ് വ്യായാമങ്ങൾ ചെയ്യാനാണ്. ഫിറ്റാകാൻ വിലകൂടിയ ആഹാര പദാർത്ഥങ്ങളെ ആശ്രയിക്കേണ്ട കാര്യമില്ലെന്നും പകരം വീട്ടിലുണ്ടാക്കുന്നതും മായമില്ലാത്തതുമായ ഭക്ഷണ പദാർത്ഥങ്ങൾ തന്നെ ധാരാളമെന്നും മിലിന്ദ് പറയുന്നു.
പിന്നെ വ്യായാമം ചെയ്യാൻ സമയമില്ലാത്തവർക്കായി മിലിന്ദ് സജസ്റ്റ് ചെയ്യുന്നത് മൈക്രോ വർക്കൗട്ടുകളാണ്. 3 - 4 മിനിറ്റ് നീണ്ടു നില്ക്കുന്ന ഇവ ദിവസം സമയം കിട്ടുമ്പോൾ എപ്പോൾ വേണമെങ്കിലും ചെയ്യാം. 1995ൽ പുറത്തിറങ്ങി ഇന്ത്യയിൽ സൂപ്പർ ഹിറ്റായി മാറിയ ഗായിക അലീഷ ചിനായിയുടെ ' മെയ്ഡ് ഇൻ ഇന്ത്യ ' എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് മിലിന്ദ് പ്രശസ്തനായത്. 16 ഡിസംബർ, ഡേവിഡ്, പയ്യ, അലക്സ് പാണ്ഡ്യൻ, ബജിറാവു മസ്താനി തുടങ്ങിയവയാണ് മിലിന്ദ് അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങൾ.