ദിലീപിനെ നായകനാക്കി ഗോകുലം മൂവിസിന്റെ ബാനറില്‍ പുതിയ ചിത്രമൊരുങ്ങുന്നു. മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതമാണ് 'ഖലാസി' എന്ന പേരിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രമേയം. 'ഖലാസി' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ദിലീപ് ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്. ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ മിഥിലാജാണ് കഥയും സംവിധാനവും. ചിത്രത്തിനായി പടുകൂറ്റന്‍ സെറ്റാണ് അണിയറയില്‍ ഒരുങ്ങുന്നത്. ആദ്യഘട്ട ചിത്രീകരണം കോഴിക്കോട് ആരംഭിക്കും.
ഇതൊരു കെട്ടുകഥയല്ല, കെട്ടിന്റെ കഥയാണ്' എന്ന ടാഗ് ലൈനോടെയാണ് ടൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. തുറമുഖങ്ങളിലും കപ്പല്‍ നിര്‍മ്മാണശാലകളിലും ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് അറബിയില്‍ പറയുന്ന വാക്കാണ് ഖലാസി. ഒരു ഉരു പശ്ചാത്തലമാക്കി വടം കൊണ്ടാണ് ഖലാസി എന്ന പേര് എഴുതിയിരിക്കുന്നതായി പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.
കേരളവര്‍മ പഴശിരാജയ്ക്കും കായംകുളം കൊച്ചുണ്ണിക്കും ശേഷം ശ്രീ ഗോകുലം മൂവിസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന സിനിമയാണ് ഖലാസി. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.