മുംബയ്: സുശാന്ത് സിംഗ് രാജ്പുത്തിന് കഴിഞ്ഞ 13 വർഷമായി വിഷാദരോഗവുമായി ബന്ധപ്പെട്ടുള്ള ബൈപോളാർ ഡിസോർഡർ എന്ന മാനസികാവസ്ഥയുണ്ടായിരുന്നുവെന്ന് ഡോക്ടറുടെ മൊഴി. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡറും സുശാന്തിനുണ്ടായിരുന്നതായി ഡോക്ടർ മുംബയ് പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി. മനസ് കൈവിട്ടു പോകുന്ന അവസ്ഥയാണിത്. പെട്ടെന്നുള്ള ആഹ്ളാദവും പൊടുന്നനെയുള്ള മൂഡ് ഓഫും ഈ രോഗത്തിന്റെ ഭാഗമാണ്.
അമ്മയുടെ മരണം സുശാന്തിനെ മാനസികമായി തകർത്തിരുന്നുവെന്ന് സഹോദരിമാരും പൊലീസിന് മൊഴി നൽകിയിരുന്നു. 2013ൽ സുശാന്തിന് വിഷാദരോഗം വന്നതായി സഹോദരി സ്ഥിരീകരിച്ചിരുന്നു.
സുശാന്ത് കാമുകി റിയ ചക്രവർത്തിക്കൊപ്പം ഫ്ളാറ്റിലിരുന്ന് കഞ്ചാവ് ചേർത്ത സിഗരറ്റ് സ്ഥിരമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. റിയയുടെ സഹോദരൻ ഷോവിക്കും മാനേജർ സാമുവൽ മിറാൻഡയും ഇവർക്കൊപ്പം ചേർന്നിരുന്നതായും മൊഴികളുണ്ട്. നിരോധിത ലഹരി മരുന്നുകൾ സുശാന്തിന് എത്തിച്ചതാര് എന്നതടക്കമുള്ള കാര്യങ്ങൾ നാർക്കോട്ടിക്സ് വിഭാഗം അന്വേഷിക്കും.
റിയയുടെ അച്ഛൻ ഇന്ദ്രജിത്ത് ചക്രവർത്തിയെയും സഹോദരൻ ഷോവിക്കിനെയും സി.ബി.ഐ വീണ്ടും ചോദ്യം ചെയ്തു. മയക്കുമരുന്ന് കടത്തുമായുള്ള കാര്യങ്ങൾ നാർക്കോട്ടിക്സിന്റെ കൂടി പങ്കാളിത്തത്തോടെ ചോദ്യം ചെയ്യാനാണ് ഇരുവരെയും വീണ്ടും വിളിച്ചുവരുത്തിയത്.
ബംഗളുരുവിലെ ഒരു മയക്കുമരുന്ന് വ്യാപാരിയെ കൂടി ചോദ്യം ചെയ്തതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരണമില്ല.