drug-case

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിൽ ക്രൈംബ്രാഞ്ച് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കറാണ് അറസ്റ്റിലായത്. ഇയാൾക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ വ്യവസായിയും പൊലീസ് കസ്റ്റഡിയിലാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. കേസിൽ ഹാജരാകാൻ നടി രാഗിണി ദ്വിവേദി കൂടുതൽ സമയം ആവശ്യപ്പെട്ടതായും സൂചനയുണ്ട്. അതേസമയം മയക്കുമരുന്ന് കേസിൽ പ്രതികരണവുമായി കർണാടക ആഭ്യന്തരമന്ത്രി രംഗത്തെത്തി. ഡാർക്ക് വെബ് കേന്ദ്രീകരിച്ചുളള സംഘത്തെ പറ്റിയുളള അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സംഘത്തിന്റെ സിനിമ രാഷ്‌ട്രീയ ബന്ധങ്ങൾ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മയക്കുമരുന്ന് കേസിലെ പ്രതി അനൂബ് മുഹമ്മദിന് ബിനീഷ് കോടിയേരി നേരിട്ട് പണം നൽകി സഹായിച്ചതായും ഫോൺവിളിച്ചതായും കണ്ടെത്തിയിരുന്നു. ഇരുവരും തമ്മിലുളള ബന്ധം അനൂബിന് മൊഴിയിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ അന്വേഷണം കേരളത്തിലെക്ക് പുരോഗമിക്കാനാണ് സാധ്യത. സംഭവത്തിൽ കേരള സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു.