america

വാഷിംഗ്ടൺ: ഡിസംബർ ഒന്നാം തീയതിയോടു കൂടി കൊവിഡ് വാക്സിൻ വിതരണം ചെയ്യാനായി തയ്യാറെടുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി അമേരിക്കൻ സർക്കാർ. ഓഗസ്റ്റ് 27ന് യു.എസ് രോഗപ്രതിരോധ/നിയന്ത്രണ കേന്ദ്രങ്ങളുടെ(സി.ഡി.സി) ഡയറക്ടറായ റോബർട്ട് റെഡ്ഫീൽഡ് ഇത് സംബന്ധിച്ച് സംസ്ഥാന ഗവർണർമാർക്ക് കത്തയച്ചിട്ടുണ്ട്.

മക്കെസ്സൺ കോർപ്പ്. എന്ന് പേരായ കമ്പനിയാണ് സി.ഡി.സിക്ക് വേണ്ടി സംസ്ഥാനങ്ങളിലെയും തദ്ദേശീയ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്സിൻ വിതരണം ചെയ്യുന്നതിനായി കരാറെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള 'പെർമിറ്റ് ആപ്ലികേഷനുകൾ' അധികം വൈകാതെ തന്നെ മക്കെസ്സൺ കോർപ്പ്.

സംസ്ഥാന സർക്കാരുകളുടെ കൈകളിലേക്ക് എത്തിക്കുമെന്നും സി.ഡി.സി വ്യക്തമാക്കി. അമേരിക്കയുടെ കൊവിഡ് വാക്സിൻ ചിലപ്പോൾ നവംബറോടെ തന്നെ ജനങ്ങളിലേക്ക് എത്തിക്കുമെന്നും അടുത്ത വർഷത്തോട് കൂടി അമേരിക്ക ജനങ്ങൾക്കിടയിലെ ഇതിന്റെ വിപണനം വർദ്ധിപ്പിക്കുമെന്നും സൂചനകളുണ്ട്.

എന്നാൽ വരാനിരിക്കുന്ന പ്രസിഡൻഷ്യൻ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അമേരിക്കയിലെ ട്രംപ് സർക്കാർ ഇങ്ങനെയൊരു നീക്കം നടത്തുന്നതെന്ന് വ്യാപക വിമർശനം ഉയരുന്നുണ്ട്. വാക്സിൻ പരിശോധനാ ഫലങ്ങൾ പോലും സെപ്തംബർ പകുതിയോടെ മാത്രമേ പുറത്തിറങ്ങൂ എന്ന് ലോകമാകമാകമാനമുള്ള മരുന്ന് കമ്പനികളും വാക്സിൻ നിർമാതാക്കളും പറയുന്ന പശ്ചാത്തലത്തിലാണ് ഈ വിമർശനം വരുന്നത്.

ലോകത്തെ ആരോഗ്യവിദഗ്ദർ ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന, ഓക്സ്ഫോർഡ് സർവ്വകലാശായിലെ ഗവേഷകർ 'അസ്‌ട്രാസെനേക്ക'യുടെ കീഴിൽ വികസിപ്പിച്ചെടുക്കുന്ന 'കൊവിഷീൽഡ്' വാക്സിൻ പോലും അതിന്റെ പരീക്ഷണ ഘട്ടം താണ്ടിയിട്ടില്ല എന്ന വസ്തുതയും നിലനിൽക്കുന്നു.

Content Highlights:america-asks-states-to-get-ready-for-covid-vaccine