boeing-737

കീവ് : വിമാനത്തിന്റെ എമർജൻസി എക്‌സിറ്റിൽ നിന്നും പുറത്തിറങ്ങി വിമാനത്തിന്റെ ചിറകിലൂടെ കൂളായി നടക്കുന്ന യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു. തുർക്കിയിൽ ഭർത്താവിനും മക്കൾക്കും ഒപ്പം അവധി ആഘോഷങ്ങൾക്ക് ശേഷമുള്ള മടക്കയാത്രയിലാണ് യുവതിയുടെ ഈ സാഹസികത. തുർക്കിയിലെ ആന്റലിയയിൽ നിന്നും പറന്നുയർന്ന വിമാനം ഉക്രെയിനിലെ കീവിൽ ലാൻഡ് ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് വിമാനത്തിനുള്ള ചൂട് സഹിക്കാൻ വയ്യ എന്ന് പറഞ്ഞ് കൊണ്ട് രണ്ട് കുട്ടികളുടെ അമ്മയായ യുവതി ചാടി പുറത്തുകടന്നത്. സഞ്ചരിച്ചിരുന്ന ബോയിംഗ് 737 - 86 എൻ വിമാനത്തിന്റെ എമർജൻസി എക്‌സിറ്റ് തുറന്ന യുവതി വിമാനത്തിന്റെ ചിറകിൽ ചാടിക്കയറിയാണ് ' അല്പം ശുദ്ധവായു ശ്വസിച്ചത് '.!

ഏതായാലും ഇതോടെ ഉക്രെയിൻ ഇന്റർനാഷണൽ എയർലൈൻസ് യുവതിയ്ക്ക് യാത്രാ വിലക്കേർപ്പെടുത്തുകയും ചെയ്തു. ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നും യുവതിയുടെ മക്കൾ ഉൾപ്പെടെ ഭൂരിഭാഗം യാത്രക്കാരും പുറത്തിറങ്ങിയിരുന്നു. യുവതി എമർജൻസി എക്‌സിറ്റ് വഴി വിമാനത്തിന്റെ ചിറകിൽ കയറിയതോടെ പൈലറ്റ് ആംബുലൻസ്, പൊലീസ്, സെക്യൂരിറ്റി ജീവനക്കാർ എന്നിവരെ വിവരമറിയിച്ചു. സുരക്ഷിതയായി ക്യാബിന്റെ ഉള്ളിൽ പ്രവേശിച്ച യുവതി തനിക്ക് ചൂട് അനുഭവപ്പെട്ടതുകൊണ്ടാണ് വിമാനത്തിന്റെ പുറത്തുകടന്നതെന്നാണ് പൊലീസിനോട് പറഞ്ഞത്. പരിശോധനയിൽ യുവതി മദ്യപിച്ചിട്ടില്ലെന്നും ലഹരിമരുന്നുകൾ കഴിച്ചിട്ടില്ലെന്നും തെളി‌ഞ്ഞു.