pj-joseph

തിരുവനന്തപുരം: യു.ഡി.എഫിന് തലവേദനയായി കേരളകോൺഗ്രസിലെ തർക്കം രൂക്ഷമാകുന്നു.ജോസ് വിഭാഗത്തെ മുന്നണിയിലെടുക്കുന്നതിനെതിരെ കടുത്ത നിലപാടുമായി ജോസഫ് വിഭാഗം രംഗത്തെത്തി. ജോസ് കെ.മാണിയെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവന്നാൽ യു.ഡി.എഫ് വിടുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, ബെന്നി ബഹന്നാൻ എന്നിവരെ അറിയിച്ചതായും പി.ജെ.ജോസഫ് പറഞ്ഞു. ജോസ് കെ.മാണിയുമായി യു.ഡി.എഫിൽ ഒരുമിച്ച് പോകാനാവില്ലെന്നും യു.ഡി.എഫിനെ വഞ്ചിച്ച വിഭാഗത്തെ ഒപ്പം നിർത്താൻ ചിലർ ശ്രമിക്കുന്നത് ശരിയല്ലെന്നും പി.ജെ.ജോസഫ് പറഞ്ഞു. തീരുമാനത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജോസ് കെ മാണിക്ക് ചെയർമാൻ എന്ന് കാണിച്ചു ഒരു കത്ത് പുറപ്പെടുവിക്കാൻ ആവുമോയെന്നും പി.ജെ.ജോസഫ് ചോദിച്ചു. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടി മരവിപ്പിച്ച ഇടുക്കി സബ് കോടതി വിധി ഇപ്പോഴും നിലനിൽക്കുകയാണെന്നും ചെയർമാനായി പ്രവർത്തിക്കുന്നത് കോടതി അലക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കോടതി വിധി തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിട്ടില്ലെന്നും നിലവിൽ പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ താൻ തന്നെയാണെന്നും പി.ജെ.ജോസഫ് അവകാശപ്പെട്ടു.

ജോസ്.കെ.മാണിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാനായി പ്രഖ്യാപിച്ചിട്ടില്ല. പാർട്ടി ചെയർമാൻ സ്ഥാനം തർക്കത്തിലേക്ക് കടക്കുന്നില്ല എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്. ചിഹ്നത്തിന്റെ കാര്യം മാത്രമാണ് പറഞ്ഞത്, അതിൽ റിട്ട് ഹർജി നൽകുമെന്നും ഒപ്പം ജോസ് കെ മാണിക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകുമെന്നും പി.ജെ.ജോസഫ് പറഞ്ഞു. കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കാര്യങ്ങൾ ശരിക്കും പഠിച്ചിട്ടില്ലെന്നും പി.ജെ.ജോസഫ് കുറ്റപ്പെടുത്തി. ജോസ്.കെ.മാണിക്ക് യൂ.ഡി.എഫിൽ തുടരാൻ അർഹതയില്ലെന്നാണ് ബെന്നി ബെഹനാൻ പറഞ്ഞത്. ആ തീരുമാനത്തിൽ ഉറച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻറെ വിധിക്കെതിരെ അടുത്ത ആഴ്ച ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ജോസഫ് വിഭാഗം.