ന്യൂഡൽഹി: ലഡാക്കിലെ നിയന്ത്രണ രേഖയിൽ അധിനിവേശ ശ്രമങ്ങൾ നടത്തുന്ന ചൈനീസ് സൈന്യത്തെ പ്രതിരോധിക്കാൻ 'ഏറ്റവും അനുയോജ്യമായ വഴികളിലൂടെ' ഇന്ത്യൻ സായുധ സേനകൾക്ക് സാധിക്കുമെന്ന് സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് വ്യക്തമാക്കി. യു.എസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിന്റെ സമ്പർക്കപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയോടുള്ള ഇന്ത്യയുടെ നയത്തിന്, ശ്രദ്ധേയ സൈനിക ബലത്തിന്റെയും പ്രാദേശിക സ്വാധീനത്തിന്റെയും പിന്തുണ ആവശ്യമാണെന്നും അങ്ങനെ അല്ലെങ്കിൽ സംഘർഷ പ്രദേശങ്ങളിലെ ചൈനയുടെ സാന്നിദ്ധ്യം നാം അംഗീകരിക്കുന്നു എന്ന് ധ്വനിപ്പിക്കുമെന്നും റാവത്ത് വ്യക്തമാക്കി.
രാജ്യം ഏറ്റവും സങ്കീർണമായ ഭീഷണികളും വെല്ലുവിളികളും നേരിടുന്ന സമയമാണിതെന്നും സംഘർഷം ആണവയുദ്ധത്തിലേക്ക് പോലും ചെനെത്താമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. അതേസമയം, ഇന്ത്യൻ സായുധ സേനകൾ ഈ സാഹചര്യം നേരിടാൻ പരിപൂർണ സജ്ജരാണെന്നും സംയുക്ത സേനാ മേധാവി വ്യക്തമാക്കി.
ഇതോടൊപ്പം പാകിസ്ഥാനും റാവത്ത് ശക്തമായ താക്കീത് നൽകുകയും ചെയ്തു. ഇന്ത്യ-ചൈന സംഘർഷത്തിനിടയിൽ മുതലെടുപ്പ് നടത്തികൊണ്ട് ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കാനാണ് പാകിസ്ഥാന്റെ ഭാവമെങ്കിൽ 'ഭീമമായ നഷ്ടങ്ങൾ' അവർക്ക് സഹിക്കേണ്ടതായി വരുമെന്നാണ് റാവത്ത് ചൂണ്ടിക്കാട്ടിയത്.
ഇന്ത്യയ്‌ക്കെതിരെ ഭീകരവാദികളെ ഉപയോഗിച്ച് നിഴൽയുദ്ധം നടത്തുന്ന പാകിസ്ഥാന്റെ നിലപാടിനെയും സംയുക്ത സേനാ മേധാവി രൂക്ഷമായി വിമർശിച്ചു. പാകിസ്ഥാൻ ജമ്മു കാശ്മീരിലേക്ക് ഭീകരവാദികളെ കടത്തിവിടുകയാണെന്നും ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലും രാജ്യം തീവ്രവാദം വളർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്തോ-പസിഫിക് പ്രദേശം സംബന്ധിച്ച ഇന്ത്യയുടെ വീക്ഷണങ്ങളെ കുറിച്ചും അമേരിക്കയുമായുള്ള ഇന്ത്യയുടെ പ്രതിരോധ/സുരക്ഷാ മേഖലകളിലെ ബന്ധത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത സംബന്ധിച്ച ഇന്ത്യൻ സർക്കാരിന്റെ കാഴ്ചപ്പാടുകളെ കുറിച്ചും അദ്ദേഹം സമ്പർക്ക പരിപാടിയിലൂടെ സംസാരിച്ചു.
Content Highlights: indian-army-chief-of-staff-against-pakistan-taking-advantage-of-indias-china-situation