modi

ന്യൂഡൽഹി: കൊവിഡ് വൈറസ് വ്യാപനം ജനങ്ങളുടെ അഭിലാഷങ്ങളെയും ഇന്ത്യയുടെ ലക്ഷ്യങ്ങളെയും ബാധിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യം മുൻപന്തിയിലാണെന്നും ഇന്ത്യ കൊവിഡ് വാക്സിന് വേണ്ടിയുള്ള ഗവേഷണത്തിൽ ഏറെ മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-യു.എസ് ഉച്ചകോടിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

2020ൽ ഇങ്ങനെ സംഭവിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ? ഒരു ആഗോള മഹാമാരി എല്ലാവരെയും ബാധിച്ചു. ഇതിനാൽ നമ്മുടെ പ്രതിരോധം, പൊതുജനാരോഗ്യ സംവിധാനം, സാമ്പത്തിക വ്യവസ്ഥ, പൗരന്മാരുടെ, സുരക്ഷ എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കൊവിഡ് മരണ നിരക്ക് ഏറ്റവും കുറവാണെന്നും ഇത് ലോകത്തിൽ ഏറ്റവും കുറഞ്ഞ ദശലക്ഷത്തിൽ ഒന്നുമാത്രമാണെന്നും മോദി ചൂണ്ടിക്കാണിച്ചു.ജനുവരിയിൽ ഒരു കൊവിഡ് പരിശോധന ലാബ് മാത്രമുണ്ടായിരുന്ന ഇന്ത്യയിൽ ഇപ്പോൾ 1600 കൊവിഡ് പരിശോധനാ ലാബുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ ബിസിനസ് രംഗത്ത് ദൂരവ്യാപകമായ പരിഷ്കാരങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് ബിസിനസ് എളുപ്പത്തിലാക്കുകയും ചുവപ്പുനാടയിൽ കുരുങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

1.3 ബില്യൺ ജനങ്ങളുള്ള ഇന്ത്യയിൽ കൊവിഡ് വ്യാപനം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ലോകത്തിൽ ഏറ്റവും കുറഞ്ഞ കൊവിഡ് മരണ സംഖ്യ റിപ്പോർട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നതും ശ്രദ്ധേയായ കാര്യമാണെന്നും മോദി ഉച്ചകോടിയിൽ പറഞ്ഞു.