റിയോ ഡി ജനീറോ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നമായ ‘അരിവാള്‍ ചുറ്റിക നക്ഷത്രം' നിർമിക്കുന്നവരെയും ഉപയോഗിക്കുന്നവരെയും തടവിലാക്കണമെന്ന ആവശ്യവുമായി ബ്രസീലിയന്‍ പാര്‍ലമെന്‍റില്‍ ബില്ല്. കമ്മ്യൂണിസ്റ്റ് ചിഹ്നം വിദ്വേഷം പരത്തുന്നതാണെന്നും ബില്ലവതരിപ്പിച്ച ബ്രസീലിയന്‍ പ്രസിഡന്റിന്റെ മകനും ബ്രസീലിയന്‍ കോണ്‍ഗ്രസ് അംഗവുമായ എഡ്വേര്‍ഡോ ബോള്‍സോനാരോ പറഞ്ഞു.
ചിഹ്നത്തെ നാസികളുടെ സ്വാസ്തിക ചിഹ്നവുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിക്കപ്പെട്ടത്. നാസികളും പിന്നീട് കമ്മ്യൂണിസ്റ്റുകാരും പോളണ്ട് കയ്യേറിയതിനെക്കുറിച്ചുകൂടി ഓർമിപ്പിച്ചുകൊണ്ടായിരുന്നു എഡ്വേര്‍ഡോ ബിൽ അവതരിപ്പിച്ചത്.
നാസികളുടെയും കമ്മ്യൂണിസ്റ്റുകാരുടെയും ചെയ്തികളുടെ ഭാഗമായാണ് ഇവിടെ കൂട്ടത്തോടെയുള്ള വംശഹത്യകള്‍ നടന്നതെന്നും ഒരു വ്യക്തി കൊല്ലപ്പെടുന്നത് എങ്ങനെ കുറ്റകരമാകുന്നുവോ അതുപോലെ തന്നെ ഈ ചിഹ്നങ്ങളെയും കുറ്റകൃത്യമായി തന്നെ കണക്കാക്കാമെന്നും എഡ്വേര്‍ഡോ അഭിപ്രായപ്പെട്ടു.
കമ്മ്യൂണിസവുമായോ നാസിസവുമായോ ബന്ധപ്പെട്ട വ്യക്തികളുടെയോ സംഭവങ്ങളുടെയോ ആശയങ്ങളുടെയോ പേരിലുള്ള ഏതെങ്കിലും തെരുവുകൾ, സ്ക്വയറുകൾ, പൊതു കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ പേരുമാറ്റാനും ബില്ലിലൂടെ എഡ്വേര്‍ഡോ ബോള്‍സോനാരോ നിർദേശിക്കുന്നു.