crime

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഐ.എൻ.ടി.യു.സി പ്രാദേശിക നേതാവ് ഉണ്ണിയാണ് പൊലീസിന്റെ പിടിയിലായത്. ഡി.വെെ.എഫ്.ഐ പ്രവർത്തകരുടെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളാണ് ഉണ്ണി. മദപുരത്തെ മലയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ഒരു സ്ത്രീയടക്കം ഏഴു പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശത്തിലുണ്ടായ സംഘർഷമാണ് ഇപ്പോൾ കൊലപാതകത്തിൽ കലാശിച്ചത്. രണ്ട് പേരുടെയും ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായി പറയുന്നത്. ശരീരത്തിൽ വടിവാൾ കൊണ്ട് നിരവധി വെട്ടേറ്റിരുന്നു.